ബുധനാഴ്‌ച, ഓഗസ്റ്റ്‌ 19, 2026
Saudi ArabiaTop Stories

സൗദിയിൽ അനധികൃത ടാക്‌സി സർവീസ് നടത്തിയ മൂന്ന് പ്രവാസികൾ പിടിയിൽ; വൻ തുക പിഴ ചുമത്തി നാടുകടത്തും

റിയാദ്: സൗദിയിൽ ലൈസൻസില്ലാതെ അനധികൃത ടാക്സി സർവീസ് നടത്തിയതിന് മൂന്ന് പ്രവാസികൾ അറസ്റ്റിലായി. ഇവർക്ക് കടുത്ത ശിക്ഷ വിധിച്ച് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി.

നിയമലംഘനം നടത്തിയവർക്ക് ആകെ 35,000 റിയാൽ പിഴ ചുമത്തിയതിന് പുറമെ ഇവരെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്താനും തീരുമാനിച്ചു.

ഒരു ഇന്ത്യക്കാരനും ഒരു ഈജിപ്ഷ്യൻ പൗരനുമാണ് സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കടത്തിയതിന് 12,000 റിയാൽ വീതം പിഴ ചുമത്തിയത്. അനധികൃതമായി യാത്രാസേവനത്തിന് ശ്രമിച്ചതിന് ഛാഡ് സ്വദേശിക്ക് 11,000 റിയാൽ പിഴയും വിധിച്ചു. മൂന്നുപേർക്കും നാടുകടത്തൽ ശിക്ഷയും ബാധകമാണ്.

സാധുവായ ലൈസൻസില്ലാതെ യാത്രാ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് രാജ്യത്തെ ഗതാഗത നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ടിജിഎ ഓർമ്മിപ്പിച്ചു.

ലാൻഡ് ട്രാൻസ്‌പോർട്ട് നിയമപ്രകാരം സൗദി പൗരന്മാരല്ലാത്ത നിയമലംഘകർക്കെതിരെ പിഴയ്ക്ക് പുറമെ നാടുകടത്തൽ ശിക്ഷയും ഉറപ്പാക്കുന്നുണ്ട്. നിയമലംഘകരുടെ ശിക്ഷാ വിവരങ്ങൾ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പരസ്യപ്പെടുത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.

രാജ്യത്തെ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് ടി.ജി.എ വ്യക്തമാക്കി.

വ്യാജവും അംഗീകാരമില്ലാത്തതുമായ ടാക്‌സി സർവീസുകളെ ആശ്രയിക്കരുതെന്നും, ഔദ്യോഗികമായി ലൈസൻസുള്ള ഗതാഗത സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്നും പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്