ബുധനാഴ്‌ച, ഓഗസ്റ്റ്‌ 19, 2026
Saudi ArabiaTop Stories

നിശബ്ദ വിമാനത്താവളം പദ്ധതിയുമായി റിയാദ് കിംഗ് ഖാലിദ് എയർപോർട്ട്; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റിയാദ്: യാത്രക്കാർക്ക് കൂടുതൽ ശാന്തവും സുഖകരവുമായ യാത്രാനുഭവം സമ്മാനിക്കുന്നതിനായി ‘സൈലന്റ് എയർപോർട്ട്’ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം തുടക്കം കുറിച്ചു.

പൊതു അനൗൺസ്‌മെന്റുകളുടെ എണ്ണം പരമാവധി കുറയ്ക്കുകയും, അത്യാവശ്യ അനൗൺസ്‌മെന്റുകൾ അതത് ഡിപ്പാർച്ചർ ഗേറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന് പകരമായി വിവരങ്ങൾ വേഗത്തിൽ യാത്രക്കാരിലേക്ക് എത്തിക്കാൻ ഡിജിറ്റൽ സ്‌ക്രീനുകളെയും മറ്റ് ഡിജിറ്റൽ മാർഗ്ഗങ്ങളെയുമാണ് എയർപോർട്ട് അധികൃതർ ആശ്രയിക്കുക.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വിമാന വിവരങ്ങൾ അറിയാൻ: വിമാന സമയം, ബോർഡിംഗ് ഗേറ്റുകൾ തുടങ്ങിയ തത്സമയ വിവരങ്ങൾ അറിയാൻ യാത്രക്കാർ ടെർമിനലിലെ ഡിജിറ്റൽ സ്ക്രീനുകൾ, ദിശാബોર્ഡുകൾ എന്നിവ ശ്രദ്ധിക്കേണ്ടതാണ്.

വാട്സാപ്പ് സേവനം: എയർപോർട്ടിന്റെ ഔദ്യോഗിക വാട്സാപ്പ് നമ്പറായ 920020090 വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാകും.

നേരിട്ടുള്ള സഹായത്തിന്: സംശയങ്ങൾ പരിഹരിക്കുന്നതിനായി ടെർമിനലിൽ സജ്ജീകരിച്ചിരിക്കുന്ന “ആസ്ക് മി” (Ask Me) ടീമിന്റെ സഹായം തേടാവുന്നതാണ്.

ടെർമിനൽ 5-ലാണ് പദ്ധതിയുടെ ആദ്യഘട്ടം ചൊവ്വാഴ്ച മുതൽ ഘട്ടങ്ങളായി നടപ്പിലാക്കാൻ തുടങ്ങിയത്. പദ്ധതിയുടെ അടുത്ത ഘട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഘട്ടംഘട്ടമായി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്