റാസൽഖൈമ ബസ്-ട്രക്ക് അപകടം: മരണം 13 ആയി
റാസ് അൽ ഖൈമയിലെ അൽ വതൻ റോഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. അപകടത്തിൽ പരിക്കേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 41 പേരുമായി പോയ യാത്രാബസാണ് അപകടത്തിൽപ്പെട്ടതെന്ന് റാസ് അൽ ഖൈമ പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. സാങ്കേതിക തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
അപകടത്തിൽ ആദ്യം 11 പേർ മരിച്ചതായി അറിയിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേർ പിന്നീട് മരിച്ചതോടെയാണ് മരണസംഖ്യ 13 ആയത്.അപകടവിവരം ലഭിച്ച ഉടൻ റാസ് അൽ ഖൈമ പൊലീസിന്റെ പ്രത്യേക സംഘങ്ങളും തിരച്ചിൽ-രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. ഹത്ത പൊലീസിന്റെ പട്രോളിങ് സംഘങ്ങൾ, ദുബൈ ആംബുലൻസ്, ദുബൈ സിവിൽ ഡിഫൻസ്, കദ്ര എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മരിച്ചവരെയും പരിക്കേറ്റവരെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തിന്റെ സാഹചര്യങ്ങളും കാരണവും സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
