Saturday, November 23, 2024
Special Stories

പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന ചിങ്കക്കല്ല് പാറ

ആലിമുസ്‌ലിയാര്‍ക്കൊപ്പം ബ്രിട്ടീഷ് വാഴ്ചക്കെതിരെ ധീരോദാത്തം പോരാടിയ കുഞ്ഞഹമ്മദാജി 1922 ജനുവരി ആറിനാണ് കാളികാവിനടുത്ത് കല്ലാമൂലയില്‍വെച്ച് ബിട്ടീഷ് പട്ടാളം ഒരുക്കിയ കെണിയില്‍ വീണത്. ബ്രിട്ടീഷ് ഭരണകാലത്തും അതിന് മുമ്പും ജന്‍മിത്ത – ദുഷ്പ്രഭുത്വത്തിന് കീഴില്‍ കുടിയാന്‍മാരായി കഴിഞ്ഞിരുന്ന മാപ്പിളമാര്‍ അധഃസ്ഥിതരായ മറ്റു വിഭാഗങ്ങള്‍ക്കൊപ്പം നാടുവാഴിത്തത്തിനെതിരെ പ്രതിഷേധം ഉള്ളിലൊതുക്കികഴിയുകയായിരുന്നു. സ്വന്തമായി മണ്ണും കൃഷി ഭൂമിയുമില്ലാതെ ദുരിത ജീവിതം പേറിയിരുന്ന ഏറനാട്ടിലെ മാപ്പിളമാര്‍ക്ക് ബ്രിട്ടീഷ് വാഴ്ചയുടെ ഫലമായി സമൂഹിക സുരക്ഷിതത്വം കുടി നഷ്ടമായിരുന്നു.

മലബാര്‍ കലാപത്തിന്റെ മുമ്പ് തന്നെ ഒറ്റപ്പെട്ട് പലയിടത്തും മാപ്പിളമാര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ചെറുത്ത് നില്‍പ്പ് നടത്തി. ഇതിനിടയിലാണ് ദേശീയ തലത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം പ്രഖ്യാപിക്കപ്പെടുന്നത്. ഏറനാട്ടില്‍ എ. പി നാരായണമേനോനും ആലിമുസ്ലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും രൂപപ്പെടുത്തിയ ഖിലാഫത്ത് സമരം വെള്ളപ്പട്ടാളത്തിന്റെ ക്രൂരമായ ചെയ്തികളോടെ ഗതിമാറി.

തിൂരങ്ങാടിയിലും പൂക്കോട്ടുരിലും തിരൂരിലും കലാപം ആളിപ്പടര്‍ന്നു . ഇതിനിടെ ബ്രിട്ടീഷ് വാഴ്ചകള്‍ക്കെതിരെ മാപ്പിളമാരുടെ സമാന്തര സര്‍ക്കാര്‍ എന്ന ആശയവും ഉയര്‍ന്നുവന്നു. വാരിയന്‍കുന്നത്താായിരുന്നു ഈ നീക്കത്തിന് ചുക്കാന്‍പിടിച്ചത്. പാണ്ടിക്കാട് വെച്ച് ഇതിനായി പ്രത്യേക സമ്മേളനം നടത്തി.നിലമ്പൂര്‍, പന്തല്ലുര്‍, തുവ്വൂര്‍ പ്രദേശങ്ങളുടെ ഭരണച്ചുമതല കുഞ്ഞഹമ്മദാജിക്കായിരുന്നു. ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് മണ്ണാര്‍ക്കാടിന്റേയും ആലി മുസ്‌ലിയാര്‍ക്ക് തിരൂരങ്ങാടിയുടേയും വള്ളുവനാട്ടിലെ ബാക്കി പ്രദേശങ്ങളുടെ ചുമതല സീതിക്കോയ തങ്ങള്‍ക്കും ലഭിച്ചു.

വിപ്ലവസര്‍ക്കാറിന്റെ പ്രവര്‍ത്തനം ഇടക്ക് നിയന്ത്രണം തെറ്റിയതോടെ സമരത്തെ നേരിടാന്‍ വെള്ളപ്പട്ടാളം മലബാറിലേക്ക് ഇരച്ചെത്തി മാപ്പിളമാരെ അടിച്ചൊതുക്കലിന്റെ ഭാഗമായി സ്ത്രീകളേയും കുട്ടികളേയും വരെ പട്ടാളം ദ്രോഹിച്ചു.. ഇതിനിടയില്‍ ആലിമുസ്ലിയാരും ചെമ്പ്രശ്ശേരി തങ്ങളും പട്ടാളത്തിന്റെ പിടിയിലായതോടെ വാരിയന്‍കുന്നത്ത് തന്റെ പ്രവര്‍ത്തത്തന മേഖല നിലമ്പൂരിലേക്ക് മാറ്റി. കിഴക്കന്‍ മലയോരത്തെ കാടുകളില്‍ ഒളിച്ചുപാര്‍ത്തായി പിന്നെ പോരാട്ടം.

ചോക്കാട് കല്ലാമൂല വനത്തില്‍ താമസിച്ച് അദ്ദേഹം വെള്ളക്കാര്‍ക്കെതിരെ ഒളിപ്പോര്‍ പോരാട്ടം തുടര്‍ന്നു. ബ്രിട്ടീഷ് ദുഷ് ഭരണത്തിനെതിരെ ദുര്‍ബലമെങ്കിലും ഒട്ടേറെ ചെറുത്തു നില്‍പ്പുകള്‍ കിഴക്കനേറനാടന്‍ മലയോരത്തും നടന്നിരുന്നു. വാരിയന്‍കുന്നത്ത് എത്തിയതോടെ ഈ പോരാട്ടങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ബ്രിട്ടീഷുകാരായ തോട്ടം ഉടമകള്‍ക്കെതിരെ ചെറുത്ത് നില്‍പ്പ് സമരം ശക്തമാക്കി. ഇതിനിടയില്‍ തൊഴിലാളികളോട് മോശമായി പെരുമാറിയ പുല്ലങ്കോട് എസ്‌റ്റേറ്റ് മാനേജര്‍ എസ്. വി ഈറ്റണെ മാപ്പിള സമരക്കാര്‍ വധിച്ചു.

സമരനായകന്‍ വാരിയന്‍കുന്നത്തിനെ ഏതു വിധേനയും പിടികൂടുക എന്ന ലക്ഷ്യവുമായി മലാബാര്‍ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് ‘ബാറ്ററി’ എന്ന പേരില്‍ പ്രത്യേക സേന തന്നെ രൂപീകരിച്ചു. കല്ലാമൂല വെള്ളിലക്കാട്ടില്‍ വലിയ പാറയുടെ ചാരെ ഇലകള്‍കൊണ്ടും മറ്റും മൂടിയ താവളത്തിലായിരുന്നു വാരിയന്‍കുന്നത്തും അനുയായികളും കഴിഞ്ഞിരുന്നത്. ചാരന്‍മാരുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളം വാരിയന്‍കുന്നത്തിന്റെ താവളം കണ്ടെത്തി. ബാറ്ററി സേന കല്ലാമൂല മലവാരത്തിലെത്തി. ഒളിവില്‍ പാര്‍ത്തുവന്ന കുഞ്ഞഹമ്മദാജിയേയും 27 അനുയായികളേയും ഈ സേന പിടികൂടി. അനുരഞ്ജന രൂപത്തിലെത്തി കുഞ്ഞഹമ്മദാജിയെ നമസ്‌ക്കരിക്കുന്നതിനിടെ ചതിയില്‍ പിടികൂടകയായിരുന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

തുടര്‍ന്ന് കാളികാവ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് കാല്‍നടയായും കുതിരവണ്ടി യിലുമായി അടുത്ത ദിവസം മലപ്പുറത്തെത്തിച്ചു. പേരിന് ഒരു വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി1922 ജനുവരി 20ന് രാവിലെ 10 മണിയോടെ മലപ്പുറം കോട്ടക്കുന്നില്‍ വെച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മാദാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

മലബാര്‍ സമര ചരിത്രത്തിന് തൊണ്ണൂറ്റിനാല് വര്‍ഷം പിന്നിടുമ്പോഴും സാമ്രാജ്യത്വ പോരാട്ട വീഥിയില്‍ പൊരുതി വീണ സമര നായകന്റെ കാല്‍പാടുകള്‍ പതിഞ്ഞ സഹ്യന്റെ മടിത്തട്ടിലെ പര്‍വ്വതനിരകളില്‍ ആ പോരാട്ട വീര്യത്തിന്റെ പ്രകമ്പനങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഓര്‍മ്മകള്‍ നെഞ്ചകം പേറി സഹ്യന്റെ പര്‍വ്വത കെട്ടുകളും ഒപ്പം സമരനായകന് താവളമായി മാറി. ചിങ്കക്കല്ലിലെ ചരിത്ര ശേഷിപ്പായ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന ചിങ്കക്കല്ല് എന്ന അതി ഭീമൻ ശിലാസ്മാരകം നൂറ്റാണ്ടുകൾ കഴിഞ്ഞാലും നിലനിൽക്കും.

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa