സൗദിയിൽ ഇന്ന് മുതൽ അത്യാവശ്യമായി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധക്ക്
ജിദ്ദ: സൗദിയിൽ മുഴുവൻ സമയ കർഫ്യൂ നിലവിൽ വന്നതോടെ ഇന്ന് മുതൽ മെയ് 27 ബുധനാഴ്ച വരെ അനുമതിയില്ലാതെ പുറത്തിറങ്ങിയാൽ വൻ തുക പിഴ നൽകേണ്ടി വരുമെന്നതിനാൽ അനുമതി ലഭിക്കുന്നതിനുള്ള മാർഗങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ബഖാലകളിലും ആശുപത്രികളിലും മറ്റും അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ പുതിയ തവക്കൽനാ ആപ് വഴി അനുമതി നേടിയിരിക്കണം. പോലീസ് പരിശോധനയിൽ ആപ് തുറന്ന് അനുമതി ലഭിച്ചത് ബോധ്യപ്പെടുത്തുകയാണു വേണ്ടത്.
ആപ് ഡൗൺലോഡ് ചെയ്ത് അതിൽ നമ്മുടെ ലൊക്കേഷൻ സെറ്റ് ചെയ്യണം. പിന്നീട് നാം സെറ്റ് ചെയ്ത ലൊക്കേഷനിലെ ബഖാലകളിലേക്കും സൂപർമാർക്കറ്റുകളിലെക്കും ഹോസ്പിറ്റൽ, ക്ളിനിക്, ഫാർമസി എന്നിവയിലേക്കും ഇത് വഴി പെർമിഷൻ ലഭ്യമാകും.
തവക്കൽനാ ആപ് വഴി നമ്മുടെ ലൊക്കേഷനിൽ അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നതിനു ദിവസങ്ങളുടെ പരിധിയില്ല. 3 കിലോമീറ്ററാണു പരിധി. അതേ സമയം നമ്മുടെ ലൊക്കേഷനു പുറത്തുള്ള ഏരിയയിൽ അത്യാവശ്യ കാര്യങ്ങൾക്കായി പോകുന്നതിനു എമർജൻസി പെർമിഷൻ വാങ്ങണം. ഇത് ലൊക്കേഷനു പുറത്ത് 3 കിലോമീറ്റർ പരിധിക്കുള്ളിലായിരിക്കണം. ലൊക്കേഷനു പുറത്ത് പോകുന്ന പെർമിഷൻ ആഴ്ചയിൽ നാലു തവണ പുറത്ത് പോകുന്നതിനു മാത്രമേ ലഭ്യമാകൂ. അതും ഒരു മണിക്കൂർ സമയം മാത്രം. എല്ലാ ശനിയാഴ്ചയും രാത്രി 11:59 നു പെർമിറ്റ് അപ്ഡേറ്റ് ചെയ്യും. ഇതിനു പുറമെ ആഴ്ചയിൽ രണ്ട് തവണ ഒന്നര മണിക്കൂർ വീതം പുറത്തിറങ്ങാൻ സാധ്യമാകുന്ന അനുബന്ധ പെർമിറ്റിനും അപേക്ഷിക്കാം.
അതേ സമയം നേരത്തെയുള്ള ബലദി പോർട്ടലുമായി പുതിയ തവക്കൽനാ ആപ് ലിങ്ക് ചെയ്തിട്ടുള്ളതിനാൽ തവക്കൽനാ ആപ് വഴിയല്ലാതെ തന്നെ, സ്ഥാപനങ്ങൾക്ക് ജീവനക്കാർക്ക് പുറത്തിറങ്ങുന്നതിനുള്ള പെർമിഷനുകൾ ബലദി പോർട്ടൽ വഴി തന്നെ ലഭ്യമാകും. പുതിയ ഇലക്ട്രോണിക് പെർമിറ്റുകൾ ലഭിക്കുന്നതിനായി ബലദി പോർട്ടൽ സന്ദർശിച്ച് പുതിയ പെർമിഷനു അപേക്ഷിക്കുകയോ നിലവിലുള്ള പെർമിഷനുകൾ ഉള്ളവർ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണമെന്ന് നഗര ഗ്രാമകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa