Friday, November 15, 2024
Saudi ArabiaTop Stories

സൗദിയിൽ കടകളിൽ പോകുന്നവരും കടയുടമകളും ശ്രദ്ധിക്കുക; നിശ്ചിത എണ്ണത്തിലധികം ആളുകൾ കടക്കകത്തോ പുറത്തോ ഒരുമിച്ചാൽ പിഴക്ക് പുറമെ നാടു കടത്തലും നേരിടേണ്ടി വരും

ജിദ്ദ: കൊറോണ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നടപടികൾ ശക്തമാക്കിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം. കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരും ജീവനക്കാരും ഒരു പോലെ ആൾക്കൂട്ട നിരോധന നിയമം പാലിച്ചില്ലെങ്കിൽ പിഴയും നാടു കടത്തലും ആജീവാനന്ത പ്രവേശന വിലക്കും വരെ നേരിടേണ്ടി വരും.

കൊറോണ പ്രതിരോധ പ്രോട്ടോക്കോൾ പ്രകാരം നിശ്ചയിക്കപ്പെട്ട എണ്ണത്തിലധികം ആളുകൾ കടയിലോ പുറത്തോ ഒരുമിച്ചാൽ കടയുടമക്കോ ഉത്തരവാദിത്വമുള്ളയാൾക്കോ 5000 റിയാൽ പിഴ ചുമത്തും. നിശ്ചിത എണ്ണത്തിലധികം വരുന്ന ഓരോരുത്തർക്കും 1 ലക്ഷം റിയാൽ വരെയും പിഴ ഈടാകും. ആളുകൾ ഒരുമിക്കാൻ ആരെങ്കിലും കാരണമാകുകയാണെങ്കിൽ അവർക്കും 5000 റിയാൽ പിഴ ചുമത്തും.

രണ്ടാം തവണയും നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. മൂന്നാം തവണയും തെറ്റാവർത്തിച്ചാൽ പിഴ വീണ്ടും ഇരട്ടിയാക്കുന്നതിനു പുറമെ കടയുടമെയെയോ ഉത്തരവാദിത്വപ്പെട്ടയാളെയോ ആളുകൾ ഒരുമിക്കാൻ കാരണമായ ആളെയോ കൂടുതൽ നിയമ നടപടികൾക്കായി പബ്ളിക് പ്രൊസിക്യൂഷനു കൈമാറും.

അഞ്ചാളുകളിൽ കൂടുതൽ ഒരുമിക്കുന്നത് ആൾക്കൂട്ട നിരോധന നിയമപ്രകാരം തെറ്റാണെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കിയതായിരുന്നു. സ്വകാര്യ മേഖലയിലുള്ള സ്ഥാപനത്തിലാണു നിയമ ലംഘനം നടത്തിയതെങ്കിൽ സ്ഥാപനം 3 മാസത്തേക്ക് അടപ്പിക്കും. നിയമ ലംഘനം ആവർത്തിക്കുകയാണെങ്കിൽ സ്ഥാപനം 6 മാസത്തേക്കും അടപ്പിക്കും.

അതേ സമയം കടകളിലോ പുറത്തോ ആൾകൂട്ട നിരോധന നിയമം ലംഘിക്കുന്നവർ വിദേശികളാണെങ്കിൽ അവരെ പിഴകൾ ചുമത്തിയതിനു പുറമെ നാടു കടത്തുകയും സൗദിയിലേക്ക് ആജീവാനന്ത വിലക്കേർപ്പെടുത്തുകയും ചെയ്യും. ആൾക്കൂട്ട നിരോധന നിയമം ലംഘിക്കുന്നത് കണ്ടാൽ 999 എന്ന ടോൾ ഫ്രീ നംബറിൽ (മക്ക പ്രവിശ്യയിലുള്ളവർ 911) അറിയിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്