Monday, September 23, 2024
GCCTop Stories

ഗൾഫിൽ ഇരുനൂറ് കടന്ന് മലയാളികളുടെ മരണം; ഇരുട്ടടിയായി എയർ ഇന്ത്യയുടെ ചാർജ്ജ് വർദ്ധനവും.

വെബ്‌ഡെസ്‌ക്: ഗൾഫിൽ കോവിഡ്​ ബാധിച്ച്​ മരിച്ച മലയാളികളുടെ എണ്ണം ഇരുനൂറും കടന്ന് കുതിക്കുകയാണ്. യു.എ.ഇയിൽ മാത്രം നൂറോളം മലയാളികളാണ് മരിച്ചത്. സൗദിയിൽ 59 പേരും ഖത്തറിൽ ആറുപേരും മരിച്ചു. കുവൈറ്റിൽ മുപ്പതിനു മുകളിലാണ് മരണ നിരക്ക്. തൃശൂർ ഒരുമനയൂർ തെരുവത്ത്​ വീട്ടിൽ അബ്​ദുൽ ജബ്ബാർ മരിച്ചതോടെ കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. 

ഏപ്രിൽ ഒന്നിന്​ യു.എ.ഇയിലാണ്​ ഗൾഫിൽ ആദ്യമായി മലയാളി കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇന്നലെ മാത്രം നാലു മലയാളികൾ ഗൾഫിൽ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. യുവാക്കളും മധ്യവയസ്​കരുമാണ്​ മരിച്ചവരിൽ അധികവും.

പ്രതീക്ഷയോടെ കുടുംബ ഭാരം പേറി കടലുകടന്നവർ മരണത്തിന്റെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്നത് നിസഹായതയോടെയാണ് കേരളം നോക്കിക്കാണുന്നത്. പ്രതീക്ഷയറ്റ കണ്ണുകൾ എങ്ങിനെയെങ്കിലും നാടണയാനുള്ള തത്രപ്പാടിലാണ്.

കൊറോണ സൃഷ്‌ടിച്ച അനിശ്ചിതത്വം കാരണം ടെൻഷൻ മൂലവും നിരവധി മലയാളികളാണ് ഗൾഫ് രാജ്യങ്ങളിൽ മരണത്തിനു കീഴടങ്ങുന്നത്​. മിക്കവരും ഹൃദയ സ്​തംഭനം മൂലമാണ് മരണപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ലോക്​ഡൗണിൽ കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ നിധിൻ ഷാർജയിൽ മരിച്ചത്.

അനാവശ്യമായി ടെൻഷൻ അടിക്കുന്നത് കൊറോണ ബാധിക്കുന്ന മലയാളികളുടെ മരണത്തിന് ഒരു പ്രധാന കാരണമാവുന്നുണ്ടെന്നാണ് മനസ്സിലാവുന്നത്. കൊറോണ ബാധിച്ചു എന്ന് മനസ്സിലാവുമ്പോഴേക്ക് ഇത്തരത്തിൽ ആശങ്കപ്പെടുന്നത് രോഗം മൂർച്ഛിക്കാൻ കാരണമാവുന്നുണ്ട് എന്നാണ് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്. ഇത് ഓരോ പ്രവാസികളും ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്.

വിദേശ രാജ്യങ്ങളിൽ​ കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവിടെതന്നെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അടക്കം ചെയ്യുകയാണ് രീതി. അതുകൊണ്ട്തന്നെ കുടുംബങ്ങൾക്ക്​ ഒരുനോക്ക്​ കാണാൻ പോലും അവസരം നൽകാതെയാണ് അവർ ഈ ലോകത്ത് നിന്ന് വിട്ട് പോകുന്നത്.

യോറോപ്യൻ രാജ്യങ്ങളിലും മലയാളികളുടെ മരണ നിരക്ക് കുറവല്ല. അമേരിക്കയിൽ അൻപതോളം മലയാളികളാണ് കോവിഡ്​ ബാധിച്ച്​ മരിച്ചത്.

പ്രതീക്ഷയോടെ നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന പ്രവാസികൾക്ക് ഇരുട്ടടിയായിരിക്കുകയാണ് എയർ ഇന്ത്യയുടെ ഇരട്ടിയായ ചാർജ്ജ് വർദ്ധന. ജോലിയും കൂലിയും ഇല്ലാതെ ഒറ്റപ്പെട്ട അവസ്ഥയിൽ നാട്ടിലേക്ക് പണമയക്കാൻ പോലും കാശില്ലാത്തവരിൽ നിന്നാണ് വന്ദേഭാരത് ഈ ചൂഷണത്തിനു മുതിരുന്നത്.

നാട്ടിലെത്തിയാലും കോറന്റൈനും മറ്റു ചികിത്സകൾക്കും ഈ പാവങ്ങൾ പണം കണ്ടെത്തണം. സംസ്ഥാന സർക്കാർ ഇനിമുതൽ പൂർണമായി ഹോം കോറന്റൈൻ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സമൂഹ വ്യാപനം ഭയപ്പെടുന്ന അവസ്ഥയിൽ വിദേശത്ത് നിന്നോ അന്യ സംസ്ഥാനങ്ങളിൽ നിന്നോ വരുന്നവർ കോറന്റൈൻ തെറ്റിച്ചാൽ കേരളം വലിയ വില നൽകേണ്ടി വരും.  

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q