Sunday, November 24, 2024
U A E

കെഎംസിസി ഫ്ലൈറ്റുകൾ 11 മുതൽ; ഓരോ ഫ്ലൈറ്റിലും 10 നിർധനർക്ക് സൗജന്യ ടിക്കറ്റുകൾ.

ദുബായ്: ദുബായ് കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന 43 വിമാനങ്ങളില്‍ 33 എണ്ണത്തിന് അംഗീകാരം ലഭിച്ചതായി ദുബൈ കെഎംസിസി ഭാരവാഹികള്‍ നടത്തിയ ഓൺലൈൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആദ്യ ഘട്ടം മൂന്നു ഇന്‍ഡിഗോ വിമാനങ്ങള്‍ ജൂണ്‍ 11, 12 തീയതികളില്‍ ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തും. 990 ദിർഹം നിരക്കിൽ 185 യാത്രക്കാരാണ് ഓരോ വിമാനത്തിലും ഉണ്ടാകുക.

ഓരോ വിമാനത്തിലും നിർധനരായ പത്ത് പേർക്ക് സൗജന്യ ടിക്കറ്റുകൾ അനുവദിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അക്ബർ ട്രാവൽസുമായി സഹകരിച്ച് നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നതെന്നും അനുമതി ലഭിക്കുന്ന മുറക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

അടുത്ത ഘട്ടം തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും സർവീസുകൾ ഉണ്ടാകും. കെ എം സി സി യുടെ ചാർട്ടേഡ് ഫ്ലൈറ്റുകൾക്ക് വൻ സ്വീകരണമാണ് പ്രവാസികളിൽ നിന്ന് ലഭിച്ചതെന്നും 7,500 പേർ കെ എം സി സി ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തെന്നും അവർ അറിയിച്ചു.

13,500 പേർ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതടക്കം ഇരുപത്തി ഒന്നായിരത്തോളം ആളുകൾ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. എന്നാൽ നേരത്തെ ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമാണ് ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ പോകാന്‍ കഴിയുക.

ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയ ഇന്ത്യന്‍-യുഎഇ സര്‍ക്കാറുകള്‍ക്കും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa