Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ താമസസ്ഥലം ബാർബർഷോപ്പ് ആക്കിയ പ്രവാസി പിടിയിൽ

ജിസാൻ: സൗദിയിൽ കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് സലൂൺ പ്രവർത്തനങ്ങൾക്കുള്ള നിരോധനത്തെ മറികടന്ന് സ്വന്തം താമസസ്ഥലം ബാർബർഷോപ്പ് ആക്കിയയാൾ പിടിയിൽ. ജിസാനിലാണ് താമസസ്ഥലം ഒരു മുഴു സമയ സലൂണാക്കി മാറ്റിയിരുന്ന പ്രവാസി പിടിയിലായത്.

സുരക്ഷാ അധികൃതരുമായി ഏകോപിപ്പിച്ച് മുനിസിപാലിറ്റി ഉദ്യോഗസ്ഥ സംഘങ്ങൾ താൽക്കാലിക സലൂൺ റെയ്ഡ് ചെയ്ത് പ്രവാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുനിസിപ്പാലിറ്റിയുടെ മോണിറ്ററിംഗ് ടീമുകളും ബന്ധപ്പെട്ട അധികാരികളും നേതൃത്വം നൽകിയതായി ജിസാൻ മേയർ നെയ്ഫ് ബിൻ സൈദാനെ ഉദ്ധരിച്ച് എസ്‌പി‌എ റിപ്പോർട്ട് ചെയ്തു.

ഇയാളുടെ വസതി അടച്ചതായും എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടിയതായും അദ്ദേഹം പറഞ്ഞു. കടകൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും പ്രോട്ടോക്കോൾ ലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി ഇടങ്ങളിലാണ് ഇങ്ങനെ നിയമ വിരുദ്ധ സലൂണുകളും ബ്യൂട്ടീ പാർലറുകളും പിടിക്കപ്പെടുന്നതും ജീവനക്കാർ അറസ്റ്റിലാവുന്നതും. മലയാളികൾ അടക്കമുള്ളവർ പിടിയിലാവുന്നതും വാർത്തയാവുന്നുണ്ട്. കൊറോണ പ്രൊട്ടോക്കോൾ ലംഘിക്കുന്ന വിദേശികൾക്ക് സൗദി അറേബ്യ നാടുകടത്തലും ആജീവനാന്ത വിലക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പകർച്ചവ്യാധി പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് മുനിസിപ്പാലിറ്റി അധികൃതർ ദൈനംദിന ഫീൽഡ് ടൂറുകൾ തുടരുകയാണെന്ന് മേയർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q