സൗദിയിൽ കോവിഡ് ബാധിച്ച് നേഴ്സ് അടക്കം നാല് മലയാളികൾ മരിച്ചു.
റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് നേഴ്സ് അടക്കം നാല് മലയാളികൾ മരിച്ചു. മലയാളി നേഴ്‌സ് അൽഹസ്സയിലും, ഒരാൾ ദമ്മാമിലും മറ്റു രണ്ടു പേർ റിയാദിലുമാണ് മരണപ്പെട്ടത്
25 വർഷമായി അൽ ഹസ്സയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്ന എറണാകുളം കോതമംഗലം കീരൻപാറ സ്വദേശിനി തെക്കേകുടി ബിജി ജോസ് ആണ് മരണപ്പെട്ടത്. 52 വയസ്സായിരുന്നു.
അൽ ഹസ്സയിൽ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. കടുത്ത ചുമയും ശ്വാസ തടസത്തേയും തുടർന്ന് മൂന്നാഴ്ചകൾക്ക് മുൻപായിരുന്നു കിംഗ് ഫഹദ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയെ തുടർന്ന് ആരോഗ്യ നില വഷളായതിനെ തുടർന്നായിരുന്നു മരണം.
ഭർത്താവ് ജോസ് അൽ ഹസ്സയിൽ ഉണ്ട്. ഇവർക്ക് രണ്ട് കുട്ടികളാണ്. നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകൻ അഷ്റഫ് മൂവാറ്റുപുഴ അറിയിച്ചു.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശി രാമചന്ദ്രൻ ആചാരി മരണപ്പെട്ടു. 63 വയസായിരുന്നു. സാമൂഹിക പ്രവർത്തകനും കേളി കലാ സാംസ്കാരിക വേദി സുലൈ വെസ്റ്റ് യൂണിറ്റ് അംഗവുമാണ് മരണപ്പെട്ട ആചാരി.
25 വർഷമായി റിയാദിലുള്ള അദ്ദേഹം അൽ ജസീറ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രാധാമണി, മക്കൾ: സുനിൽ, ഷിനി. അനന്തര നടപടികൾക്കായി കേളി പ്രവർത്തകർ രംഗത്തുണ്ട്.
കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രസാദ് അത്തംപള്ളി കൊറോണ വൈറസ് ബാധയെ തുടർന്ന് റിയാദിൽ നിര്യാതനായി. 59 വയസായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വിവിധ ആസ്പത്രികളിൽ ഒരുമാസക്കാലമായി ചികിത്സയിലായിരുന്നു. ഇന്ത്യൻ ഓവർസീസ് ഫോറം റിയാദ് പ്രൊവിൻസ് ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.
പിതാവ്: ഗോപി, ഭാര്യ: സുമ പ്രസാദ് സൗദിയിൽ നഴ്സാണ്, മക്കൾ: അഭിജിത്, അവിനാഷ്, അജയ്ദേവ പ്രസാദ്.
കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ കണ്ണോത്ത് പ്രേംരാജ് ദമാമിൽ മരിച്ചു. 55 വയസായിരുന്നു. കടുത്ത ചുമയും പനിയും ശ്വാസ തടസ്സവുമായി മൂന്നാഴ്ചയോളമായി ദമാം സെൻട്രൽ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആരോഗ്യ നില വഷളായതിനെ തുടർന്നാണ് മരണം.
ഭാര്യ: ജസിത ടീച്ചർ, മക്കൾ: സൗമ്യ, അജയ് രാജ്, അമൽ രാജ്, മൃതദേഹം സംസ്കരിക്കുന്നതിനായുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa