ജിദ്ദയിലെ ബാബ് മക്കയിലെ പ്രശസ്തമായ ബാബിൻ്റെ നിർമ്മാണത്തിനു പിറകിലെ വലിയ ചരിത്രം
ജിദ്ദയിലെ ബാബ് മക്കയിലെ പ്രശസ്തവുംപുരാതനവുമായ ബാബ് അഥവാ കവാടം നിർമ്മിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ ജിദ്ദയുടെ പല അറിയപ്പെടാത്ത ചരിത്രങ്ങളിലേക്കും വഴി തുറക്കുകയായിരുന്നു.
ആദിമാതാവുറങ്ങുന്ന പുണ്യ ഭൂമിയായതുകൊണ്ടുതന്നെ മനുഷ്യ കുലത്തിൻ്റെ തുടക്കം മുതലുള്ള ചരിത്രത്തിന് സാക്ഷിയാണ് ചെങ്കടലിന്റെ റാണിയായ ജിദ്ദ. എഡി 647 ൽ ഖലീഫ ഉസ്മാൻ റളിയല്ലാഹു അൻഹു മക്കയിലേക്കുള്ള പ്രവേശന തുറമുഖമായി ജിദ്ദ തുറമുഖത്തെ പ്രഖ്യാപിച്ചത് മുതലാണ് ജിദ്ദ ചരിത്ര ഭൂപടത്തിൽ ഗണനീയമായ സ്ഥാനത്തിന് അർഹമായത്. അതുവരെ ശുഅയ്ബ തുറമുഖമായിരുന്നു മക്കയിലേക്കുള്ള പ്രവേശന തുറമുഖം.
ജിദ്ദയെ അറിയാൻ ശ്രമിക്കുമ്പോൾ ബലദിലെ ഹിസ്റ്റോറിക്കൽ സിറ്റിയും ബാബ് മക്കയുമെല്ലാം ഏവരുടെയും മനസ്സിലോടിയെത്തും. അപൂർവ്വവും വ്യത്യസ്തവുമായ കാഴ്ചകൾ എന്നതിനപ്പുറം 5 നൂറ്റാണ്ട് പഴക്കമുള്ള അതിശക്തമായ അധിനിവേശ പ്രതിരോധത്തിന്റെ സാക്ഷി പത്രങ്ങൾ കൂടിയാണ് ഈ ചരിത്ര സ്മാരകങ്ങൾ. ഈ കാര്യം കൂടി തിരിച്ചറിയുമ്പോൾ ഈ കാഴ്ചകളോട് ആകർഷണീയത കൂടും.തലയെടുപ്പോടെ ഇന്നും നിലനിൽക്കുന്ന ബാബ മക്ക, ബാബ് ശരീഫ് ഗേറ്റുകളും പഴയ കെട്ടിടങ്ങളും ഫറജ് യുസർ കിണറുമെല്ലാം ഈ നഗരം പറങ്കികളെ പ്രതിരോധിച്ചതിൻ്റെ ബാക്കി പത്രങ്ങളാണ്.
ഗുഡ്ഹോപ്പ് മുനമ്പ് മുനമ്പ് കടന്ന് കോഴിക്കോട് കാപ്പാട് വരെ എത്തിയ വാസ്കോ ഡി ഗാമക്കും കൂട്ടർക്കും തുറമുഖ നഗരമായ ജിദ്ദയുടെ നേരെയും ഒരു കണ്ണുണ്ടായിരുന്നു. ഇതിന്റെ ഭാഗമെന്നോണം ഇന്ത്യയിൽ നിന്ന് ജിദ്ദയിലേക്ക് ഹാജിമാരെയും ചരക്കുകളും വഹിച്ചു വരികയായിരുന്ന കപ്പൽ പറങ്കികൾ ആക്രമിച്ചു. ഇതിനെ തുടർന്ന് ഗുജറാത്തിലെയും യമനിലെയും രാജാക്കന്മാർ അന്നത്തെ മംലൂക്ക് ഭരണാധികാരിയായിരുന്ന ഈജിപ്തിലെ സുൽത്താൻ ഖാൻസു ഗോറിയുടെ സഹായം തേടി.
പറങ്കികൾ നേരിടാൻ സുൽത്താൻ സൈന്യത്തെ അയച്ചു കൊടുത്തു.സുൽത്താൻ ഖാൻസു ഗോറിയുടെ പടത്തലവൻ ഹുസൈൻ കുർദിയും ഗുജറാത്ത് ഭരണാധികാരി ഖലീൽ ഷായുടെ പടത്തലവൻ മാലിക് ഇയാദും ചേർന്ന് പറങ്കികൾക്കെതിരെ കടൽ യുദ്ധങ്ങൾ നടത്തി.
അതോടൊപ്പം പറങ്കികൾ ജിദ്ദ ആക്രമിക്കാനുള്ള സാധ്യത മുൻ കണ്ട് സുൽത്താന്റെ പ്രകാരം ഹുസൈൻ കുർദി ജിദ്ദ നിവാസികളുടെ സഹായത്തോടെ ജിദ്ദയെ സംരക്ഷിക്കുന്ന ഒരു ചുറ്റു മതിൽ നി൪മിക്കുകയും ചെയ്തു. 1509 ലായിരുന്നു മതിലിൻ്റെ നിർമ്മാണം എന്നാണു രേഖകൾ സൂചിപ്പിക്കുന്നത്. അന്നത്തെ ജിദ്ദ നഗരത്തെ ചുറ്റി നിർമ്മിച്ചിരുന്ന ഈ വൻ മതിലിന് മക്കയിലേക്കും ചെങ്കടലിലേക്കും തുറക്കുന്ന രണ്ട് പ്രധാന ഗേറ്റുകളാണ് ഉണ്ടായിരുന്നത്.
ആറ് ടവറുകൾ ഉണ്ടായിരുന്ന മതിലിന് ആറ് ഉപ കവാടകളും ഉണ്ടായിരുന്നു. ബാബ് മക്ക,ബാബ് മദീന,ബാബ് ശരീഫ്, ബാബ് ജദീദ് ,ബാബ് മഗാരിബ ,ബാബ് ബൻഥ് എന്നിവയായിരുന്നു പ്രധാന കവാടങ്ങൾ. കാലങ്ങൾക്ക് ശേഷം ചുറ്റു മതിലുകളും പല കവാടങ്ങളും നഗര വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്തു.
ഈ മതിൽ വലയത്തിനുള്ളിൽ പണിത കെട്ടിടങ്ങളാണ് ഇന്നും ഹിസ്റ്റോറിക്കൽ സിറ്റിയിൽ പഴമയോടെ തല ഉയർത്തി നിൽക്കുന്നത്. അർബഈൻ തടാകത്തിൽ നിന്നും എടുത്ത കല്ലുകളും വാദി ഫാത്തിമയിൽ നിന്നും ഇന്ത്യയിൽ നിന്നും കൊണ്ടു വന്ന മരങ്ങളും ഉപയോഗിച്ചാണ് ഈ കെട്ടിടങ്ങൾ പണിതത്.
കവാടങ്ങൾക്കും കെട്ടിടങ്ങൾക്കും ഒപ്പം അധിനിവേശത്തിനെതിരുമുള്ള പ്രതിരോധത്തിൻ്റെ കഥ ജിദ്ദയിലെ ഹിസ്റ്റോറിക്കൽ സിറ്റിയിലെ സൂഖുൽ അലവിയിലെ ഒരു ജല സംഭരണിക്കും പറയാനുണ്ട്. പോർച്ചുഗീസുകാരുടെ ഉപരോധമുണ്ടായാൽ ജിദ്ദക്കാർക്ക് വെള്ളത്തിൽ ദൗർലഭ്യം അനുഭവപ്പെടാതിരിക്കാൻ ദീർഘ വീക്ഷണത്തോടെ സുൽത്താൻ ഖാൻസു ഗോറി നിർമിച്ചതാണ് ഫറജ് യുസർ എന്ന ജല സംഭരണി.
ബലദിൽ നിന്ന് ഏകദേശം 20 കിലോമീറ്ററിനപ്പുറം ജാമിയ ഖുവൈസക്കപ്പുറമുള്ള വാദി ഖൂസിൽ നിന്നാണ് ഈ ജല സംഭരണിലേക്ക് ശുദ്ധ ജലം എത്തിയിരുന്നത്. അതുകൊണ്ടു തന്നെ ഐൻ ഖൂസിയ എന്നും ഇത് അറിയപ്പെടുന്നുണ്ട്. 8 മീറ്റർ ആഴമുള്ള ഈ ജല സംഭര ണിക്ക് 12 മീറ്റർ നീളവും 8 മീറ്റർ വീതിയുമാണ് ഉള്ളത്.
1853 ൽ പുനഃ:പ്രവർത്തനങ്ങൾ നടത്തിയ ഈ ജല സംഭരണിയിൽ 1886 വരെ വെള്ളം ഉണ്ടായിരുന്നു. ഫറജ് യുസർ എന്ന് പേരുള്ള ഒരു വ്യവസായിയാണ് ഈ ജല സംഭരണി പുനർ നിർമാണം നടത്തിയത്. അത് കൊണ്ട് അദ്ദേഹത്തിന്റെ പേരിലാണ് കിണർ ഇപ്പോൾ അറിയപ്പെടുന്നത്.അദ്ദേഹം ഇന്ത്യക്കാരനായ ധനികനായിരുന്നു എന്നാണ് ചില രേഖകളിൽ കാണുന്നത്. വരൾച്ച അനുഭവപ്പെടുന്ന കാലങ്ങളിൽ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു ഈ ജല സംഭരണി.
ഈ ജല സംഭരണിയിൽ നിന്ന് വ്യത്യസ്ത ഇടങ്ങളിലേക്കായി 7 നീർച്ചാലുകളും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പുനർ നിർമാണം നടത്തിയ പുരാതന പള്ളിയായ മസ്ജിദ് മഅമാറിന്റെ പരിധിയിൽ കണ്ടെത്തിയ കിണറിലേക്ക് ഫറജ് യുസറിൽ നിന്നും വെള്ളം ഒഴുകിയിരുന്നതിന്റെ ശേഷിപ്പുകൾ കാണ്ടെത്തിയിരുന്നു.
ഒരു നൂറ്റാണ്ടു കാലം അറിയപ്പെടാതെ കിടന്നിരുന്ന ഫറജ് യുസർ സംഭരണിയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കി അന്തരിച്ച മാജിദ്ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഇതിനെ വീണ്ടെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിടുകയും അതിനു വേണ്ടി ഫണ്ടനുവദിക്കുകയും ചെയ്തു.
ജല സംഭരണി കാണ്ടെത്തുവാനുള്ള ഗവേഷകരുടെ നാലു ശ്രമങ്ങൾ പാരാജയപ്പെട്ടെങ്കിലും അഞ്ചാം തവണ മണ്ണിൽ മൂടപ്പെട്ടിരുന്ന ഈ ജല സംഭരണി കണ്ടെതുന്നതിൽ അവർ വിജയിക്കുകയായിരുന്നു. 1993 ലായിരുന്നു അത്. ജല സംഭരണിയിലെ മുഴുവൻ മണ്ണും നീക്കം ചെയ്ത് പൂർവ സ്ഥിതിയിലാക്കി അതിന്റെ റിപ്പോർട്ട് പ്രിൻസ് മാജിദിന് ഗവേഷകരും എഞ്ചിനിയർമാരും സമർപ്പിച്ചു. ഉപയോഗപ്രദമല്ലെങ്കിലും ഇന്നും ചരിത്ര ശേഷിപ്പായി ഫറജ് യൂസർ ജല സംഭരണി ഹിസ്റ്റോറിക്കൽ സിറ്റിയിൽ സംരക്ഷിക്കപെട്ട നിലയിൽ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
BY: ജിഹാദുദ്ദീൻ അരീക്കാടൻ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa