Wednesday, November 27, 2024
Saudi ArabiaTop Stories

തിരിച്ച് വരവിനെക്കുറിച്ചുള്ള അനിശ്ചിതത്വം; പല ഘട്ടങ്ങളായുള്ള കോവിഡ് ടെസ്റ്റ്: കൊറോണക്കാലത്ത് നാട്ടിലെത്തൽ പണ്ടത്തേപ്പോലെ എളുപ്പമല്ല: പ്രവാസിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കൊറോണ വന്നതിനു ശേഷം നാട്ടിലേക്കുള്ള യാത്ര പണ്ടത്തേപ്പോലെ എളുപ്പമല്ല. നിരവധി കടമ്പകൾ കടന്ന് നാട്ടിലെത്താനുള്ള ഒരു പ്രവാസിയുടെ മാനസിക സംഘർഷം നിറഞ്ഞ അനുഭവം വിവരിക്കുകയാണ് ജിദ്ദയിൽ നിന്ന് നാട്ടിലെത്തിയ ഇഖ്ബാൽ വലിയത്തൊടി എന്ന പ്രവാസി സുഹൃത്ത്.  ഇഖ്ബാലിന്റെ അനുഭവം ഇങ്ങനെ വായിക്കാം.

“അങ്ങനെ കൊറോണക്കാലം തുടങ്ങിയ ശേഷം ആദ്യമായി നാട്ടിലേക്ക്. കഴിഞ്ഞ കാലങ്ങളിൽ നാട്ടിലേക്ക് പോയ  പോലെയല്ല. കുറെ മാറ്റങ്ങൾ വന്നിരിക്കുന്നു. തിരിച്ചു വരവിനെ  പറ്റിയുള്ള അനിശ്ചിതത്വം,  പല തവണയായുള്ള കൊറോണ ടെസ്റ്റ്, വാക്‌സിൻ, ക്വാറന്റൈൻ, ചാർട്ടർ ഫ്ലൈറ്റ്, അങ്ങനെ പലതരത്തിലുള്ള കടമ്പകൾ  മുംബിലുണ്ട്.

ജിദ്ദയിൽ ഒരു സ്ഥലത്ത് സെകൻഡ് ഡോസ് വാക്സിൻ നൽകുന്നുണ്ടെന്ന് കേട്ട് അതി രാവിലെ പോയി മണിക്കൂറുകളോളം വരി നിന്ന് രണ്ടാം ഡോസ് എടുത്തപ്പോൾ പകുതി ടെൻഷൻ കുറഞ്ഞു.

നാട്ടിലേക്കു പോകാനുള്ള അനുവാദത്തിനു അവസാനം വരെ കാത്തിരിക്കേണ്ടി വന്നതായിരുന്നു മറ്റൊരു ടെൻഷൻ.പോകുന്നതിന്റെ രണ്ടു ദിവസം മുമ്പ് അത് കിട്ടിയതിനാൽ അതും ഇല്ലാതായി.  തലേ ദിവസം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്നുറപ്പിച്ചു. അങ്ങനെ ആ മഹത്തായ ദിവസം ആഗതമായി.

12 മണിക്കുള്ള വിമാനത്തിന് 8 മണിക്ക് തന്നെ എയർപോർട്ടിൽ എത്തേണ്ടതുണ്ടായിരുന്നു. ജോലിസ്ഥലത്തെ മറ്റൊരു സ്റ്റാഫിനെ പരീക്ഷക്ക് കൊണ്ട് പോകാനുള്ളതിനാൽ ആറര മണിക്ക് തന്നെ പുറപ്പെട്ടു. അര ദിവസത്തോളം ഭക്ഷണം കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ ഇടയ്ക്കു ചെറുതായി ഫുഡൊക്കെ കഴിച്ചു.  ഒടുവിൽ എട്ട് മണിയോടെ  എയർപോർട്ടിൽ  എത്തി.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി അകത്തെത്തി. സെക്യൂരിറ്റി പരിശോധനയിൽ ഹാൻഡ് ബാഗ് തുറക്കാൻ ആവശ്യപ്പെട്ടു. എന്തോ കൂർത്ത സാധനങ്ങൾ അകത്തുണ്ട് എന്ന് പറഞ്ഞു. പുറത്തെടുത്തു  നോക്കിയപ്പോൾ  ദുബായിലെ ബുർജ് ഖലീഫ, മക്കയിലെ ക്ലോക്ക് ടവർ   എന്നിവയുടെ ചെറു രൂപങ്ങളായിരുന്നു അത്. ലഗേജിൽ വെച്ചാൽ പൊട്ടുമെന്ന് കരുതി ഹാൻഡ് ബാഗിൽ വെച്ചതായിരുന്നു. അത്ര പ്രശനക്കാരല്ല രണ്ടും എന്ന് മനസ്സിലാക്കിയപ്പോൾ തിരിച്ചു തന്നു. . ഡ്യൂട്ടി ഫ്രീ യിൽ നിന്നും കുറെ ചോക്ലേറ്റുകൾ വാങ്ങി. ലഗേജ് ഭാരം കൂടുതൽ ആകുമെന്ന്  പേടിച്ചു കൂടുതൽ ചോക്ലേറ്റുകൾ വാങ്ങിയിരുന്നില്ല.പിന്നെയും മണിക്കൂറുകളുടെ കാത്തിരിപ്പായിരുന്നു .വിളിക്കാനുള്ളവക്കൊക്കെ വിളിച്ചു. കുറച്ചു സമയം മൊബൈലിൽ ചിലവഴിച്ചു.

വിമാനത്തിൽ നിന്നും വിശന്നു വലഞ്ഞാലുള്ള ബുദ്ദിമുട്ട് ആലോചിച്ചു എന്തെങ്കിലും കിട്ടുമോ എന്ന് കരുതി അവിടെ പരതി.  മുമ്പ് പോയപ്പോൾ അൽ ബൈക്കിന്റെ ഒരു സ്റ്റാൾ ഉണ്ടായിരുന്നു. മാന്യമായ വിലയിൽ അവിടെനിന്നും ഭക്ഷണം വാങ്ങിയിരുന്നു. ഇപ്പോൾ നോക്കുമ്പോൾ അത് അടഞ്ഞു കിടക്കുന്നു . അപ്പുറത്തു ഡെൽമോണ്ട്  കമ്പനിയുടെ ഒരു സ്റ്റാൾ കണ്ടു. നല്ല വിലയായിരുന്നു അവിടെ. അതൊന്നും നോക്കിയില്ല. ഒരെണ്ണം വാങ്ങി കയ്യിൽ വെച്ചു. വിമാനം പുറപ്പെടുന്നതിനു കുറച്ചു മുമ്പ് തന്നെ ഞങ്ങളെ ബസിൽ കയറ്റി പുറപ്പെടാനുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ ഞങ്ങളെ എത്തിച്ചു.

അകത്തു കയറിയപ്പോൾ ആണ് മനസ്സിലായത് ആകെയുള്ള കോവിഡ് നിയന്ത്രണം മാസ്ക് മാത്രമായിരുന്നു എന്ന്. സ്‌പൈസ്‌ജെറ്  അവരുടെ ബഡ്ജറ്റ് എയർ  ലൈൻ എന്ന പേര് നില നിർത്താൻ സീറ്റുകൾ അടുപ്പിച്ചിട്ട് പരമാവധി ആളുകളെ കുത്തികയറ്റിയിരുന്നു. കൗണ്ടറിൽ നിന്നും ചോദിച്ചു വാങ്ങിയ വിൻഡോ  സീറ്റിൽ പുറത്തെ കാഴ്ചകൾ കണ്ടു ഞാൻ ഇരുന്നു  . പറഞ്ഞ സമയത്തിനും കുറച്ചു മുമ്പേ വിമാനം ആകാശത്തേയ്ക്കു കുതിച്ചു.

വിമാനതിനകത്തു വിനോദ പരിപാടികൾ ഒന്നും ഇല്ല എന്ന് നേരത്തെ അറിയുന്നതിനാലും മണിക്കൂറുകൾ കഴിച്ചു കൂട്ടാനുള്ള ബുദ്ദിമുട്ടും മനസ്സിലാക്കി ആവശ്യത്തിന് വിനോദം ടാബിൽ കരുതിയിരുന്നു. ആമസോൺ പ്രൈമിൽ നിഴൽ എന്ന സിനിമയും യൂട്യൂബിൽ രണ്ടു ഉടൻ പണവും ഒരു മാറിമായവും കണ്ടപ്പോയെക്കും വിമാനം കേരളത്തിന് മുകളിൽ എത്തി. ഇടയ്ക്കു ഭക്ഷണം വന്നിരുന്നു. ജ്യൂസ് , മോര് എന്നിവ ഓരോ പാക്കറ്റ്, പിന്നെ ബിസ്ക്കറ്റ് , ഒരു പാക്കറ്റ് കടല, മറ്റു രണ്ടു പാക്കറ്റ് സ്‌നാക്‌സ് എന്നിവ ആയിരുന്നു. ജ്യൂസും നേരത്തെ എയർപോർട്ടിൽ നിന്നും വാങ്ങിച്ച സാൻഡ് വിച്ചും കഴിച്ചപ്പോൾ അപ്പോഴുണ്ടായിരുന്ന വിശപ്പും വീട്ടിലെത്തുന്നത് വരെ പിടിച്ചു നിൽക്കാനുള്ള എനർജിയും കിട്ടി. വിമാനം ലാൻഡ് ചെയ്യുമ്പോൾ   രാത്രി ആയതിനാൽ പച്ചപ്പൊന്നും കാണാൻ പറ്റിയില്ല.

വിമാന മിറങ്ങി നേരെ ചെന്നത് ഒരു വരിയിലേക്കായിരുന്നു. കൊറോണ ടെസ്റ്റിനുള്ള റെജിസ്ട്രേഷൻ , പിന്നെ സാമ്പിൾ എടുക്കാൻ മറ്റൊരു വരി , സാമ്പിൾ തൊണ്ടയിൽ നിന്നെടുത്തതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല. നമ്മുടെ വിവരങ്ങൾ ശേഖരിക്കാൻ മറ്റൊരു വരി, ഇതൊക്കെ കഴിഞ്ഞു ഇമിഗ്രേഷനിൽ വരിയൊന്നും ഉണ്ടായിരുന്നില്ല.മണിക്കൂറുകൾ അകത്തു ചിലവഴിച്ചിട്ടും ലഗേജുകൾക്കു വേണ്ടി പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ ലഗേജുകൾ ശേഖരിച്ചു പുറത്തു കാത്തിരുന്ന കസിൻസിനൊപ്പം രാത്രി പതിനൊന്നു മണിയോടെ വീട്ടിലെത്തി. അടുത്ത ദിവസം രാത്രി തന്നെ നെഗറ്റീവ് റിപ്പോർട്ട്  വന്നു.  ആരോഗ്യ വകുപ്പിൽ നിന്നും വിളിച്ചു ഒരാഴ്ച പുറത്തിറങ്ങേണ്ട എന്ന് പറഞ്ഞതിനാൽ ഇപ്പോൾ അവധി വീട്ടിലിരുന്ന് ആസ്വദിക്കുന്നു.
✍️ഇഖ്ബാൽ വലിയത്തൊടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്