Tuesday, November 26, 2024
Saudi ArabiaTop Stories

കൃത്യമായി വേതനം ലഭിക്കാത്ത സെക്യൂരിറ്റി ജീവനക്കാരൻ എന്ന സ്ഥാനത്ത് നിന്ന് നിരവധി റെസ്റ്റോറൻ്റുകളുടെ ഉടമയെന്ന സ്ഥാനത്തേക്ക് ഉയർന്നതിൻ്റെ പിറകിലെ ചരിത്രം വെളിപ്പെടുത്തി സൗദി പൗരൻ

ദമാം: കൃത്യമായി വേതനം ലഭിക്കാത്ത ഒരു സെക്യൂരിറ്റി ജീവനക്കാരൻ എന്നതിൽ നിന്ന് മാറി ഒരു റെസ്റ്റോറൻ്റ് ശൃംഖലയുടെ തന്നെ ഉടമയായി താൻ മാറിയതിൻ്റെ പിറകിലെ ചരിത്രം സൗദി പൗരൻ ഖാലിദ് അൽ ഉവൈഹലി റൊറ്റാന ചാനലിൽ വെളിപ്പെടുത്തി.

ഖോബാറിലെ ഒരു സ്ഥാപനത്തിൽ സെക്ര്യൂറ്റി ജീവനക്കാരനായിരുന്നു ഖാലിദ്. സ്ഥാപനം കൃത്യമായി വേതനം നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ കാര്യങ്ങൾ പ്രതിസന്ധിയിലായി. തുടർന്ന് മറ്റൊരു വരുമാന മാർഗത്തെക്കുറിച്ച് ഖാലിദ് ചിന്തിച്ചു.

തുടർന്ന് ഖാലിദും തൻ്റെ ഭാര്യയും വീട്ടിൽ നിന്ന് ചില സ്പെഷ്യൽ ഭക്ഷണങ്ങൾ പാകം ചെയ്ത് ബീച്ചിൽ കൊണ്ട് വിൽക്കാൻ തുടങ്ങി. ഭാര്യയുടെ കുക്കിംഗ് നൈപുണ്യം ഖാലിദിനെ സഹായിച്ചു.

ഭക്ഷണ വിതരണം വലിയ വിജയമായി മാറുകയായിരുന്നു. ആദ്യ ദിനങ്ങളിൽ തന്നെ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ രണ്ട് മണിക്കൂറ് കൊണ്ട് തന്നെ വിറ്റ് തീരുന്ന അവസ്ഥയുണ്ടായി.

ഭക്ഷണത്തിൻ്റെ രുചിയുടെ മേന്മ കൊണ്ട് കസ്റ്റമേഴ്സ് ഖാലിദിൻ്റെ വീട്ടു പടിക്കൽ വരെ ഭക്ഷണം തേടിയെത്താൻ തുടങ്ങി. ചില സമയങ്ങളിൽ ഖാലിദിൻ്റെ വീടിനു സമീപം വൻ തിരക്ക് തന്നെ അനുഭവപ്പെട്ടിരുന്നു.

ഇതോടെ ഭക്ഷണ നിർമ്മാണത്തിനും വിതരണം നടത്താനുമായി ഒരു ഷോപ്പ് തുടങ്ങുന്നതിനെക്കുറിച്ച് ഖാലിദ് ആലോചിച്ചു. അത് ദമാമിൽ നിന്ന് അകലെയുള്ള ഒരു സ്ഥലത്ത് ആദ്യത്തെ കട തുറക്കുന്നതിലേക്ക് നയിച്ചു. തുടർന്ന് ഖോബാറിലും, റിയാദിലും, മുബാറകിയയിലും ഓരോ ബ്രാഞ്ചുകൾ തുറക്കാൻ സാധിച്ചു.

ജിസിസി രാഷ്ട്രങ്ങളിലെ ഭക്ഷണങ്ങളാണു തങ്ങൾ പൊതുവായി നൽകുന്നതെന്നും 6 വർഷം തുടർച്ചയായി കഠിനാദ്ധ്വാനം ചെയ്താണു ഈ നിലയിലെത്തിയതെന്നും ഖാലിദ് അഭിമാനത്തോടെ പറയുന്നു.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്