Wednesday, November 27, 2024
Top StoriesU A E

വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് രണ്ട് കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ദുബൈ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളിക്ക് 10,90,000 ദിർഹം നഷ്ട പരിഹാരം നൽകാൻ ദുബൈ സിവിൽ കോടതി വിധിച്ചു. കണ്ണൂർ പള്ളിപ്പറംബ സ്വദേശി അയടത്തു പുതിയ പുരയിൽ സിദ്ദീഖിനാണു ഇന്ത്യൻ രൂപ രണ്ട് കോടിയിലധികം വരുന്ന തുക നഷ്ടപരിഹാരം നൽകാൻ വിധിയായത്.

ഷാർജയിൽ ജോലി ചെയ്യുന്ന സിദ്ദീഖ് 2017 മെയ് മാസത്തിലാണു അപകടത്തിൽ പെട്ടത്. ദുബൈ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ പോകുകയായിരുന്ന സിദ്ദീഖിനെ പാകിസ്ഥാനി ഓടിച്ച വാഹനം ഇടിച്ച് പരിക്കേൽക്കുകയായിരുന്നു. പാകിസ്ഥാനിക്ക് ഷാർജ ക്രിമിനൽ കോടതി ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കലും 3000 ദിർഹം പിഴയും വിധിക്കുകയായിരുന്നു ചെയ്തത്.

തുടർന്ന് സിദ്ദീഖിൻ്റെ ബന്ധുക്കള്ള് ഡ്രൈവറെയും ഇൻഷുറൻസ് കംബനിയെയും എതിർ കക്ഷിയാക്കി നഷ്ടപരിഹാരത്തിനായി ദുബൈ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. അപകടം മൂലം തൻ്റെ കക്ഷിക്ക് പ്രാഥമികാവശ്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതിയാണുള്ളതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സിദ്ദീഖിനു വേണ്ടി ഹാജരായ വക്കീലിനു സാധിക്കുകയും 10,90,000 ദിർഹം നഷ്ട പരിഹാരം നൽകാൻ കോടതി വിധിക്കുകയുമായിരുന്നു. തുക ഇനിയും വർധിപ്പിച്ച് കിട്ടാൻ അപ്പീൽ കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ഷാർജയിലെ നിയമ സ്ഥാപനമായ അലി ഇബ്രാഹിം അഡ്വക്കെറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി അറിയിച്ചു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്