സൗദിയിലേക്ക് തൊഴിൽ തേടിപ്പോകാൻ ഉദ്ദേശിക്കുന്നവർക്ക് മുന്നിൽ പുതിയ കടമ്പ വരുന്നു
റിയാദ്: സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് “പ്രൊഫഷണൽ വെരിഫിക്കേഷൻ” സേവനം പ്രഖ്യാപിച്ചു.
സൗദി തൊഴിൽ വിപണിയിലേക്ക് ഒരു വിദേശ തൊഴിലാളി പ്രവേശിക്കുന്നതിനു മുമ്പ് ആവശ്യമായ അക്കാദമിക് ക്വാളിഫിക്കേഷൻ ഉണ്ടെന്ന് ഉറപ്പാക്കുകയും അക്കാദമിക് യോഗ്യതയുടെ നിലവാരം, വിദ്യാഭ്യാസ മേഖല, തൊഴിലിന് ആവശ്യമായ എക്സ്പീരിയൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരിക്കും പുതിയ സേവനം.
രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ ഗുണനിലവാരം ഉയർത്തുന്നതിനും അക്കാദമികമായി യോഗ്യതയില്ലാത്ത തൊഴിലാളികൾ തൊഴിൽ വിപണിയിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും വൈദഗ്ധ്യവും നൈപുണ്യവും കണക്കിലെടുക്കുന്നതിനും പുതിയ പദ്ധതി സഹായിക്കും.
ആദ്യ ഘട്ടത്തിൽ 62 രാജ്യങ്ങളിൽ ആയിരിക്കും പ്രൊഫഷണൽ വേരിഫിക്കേഷൻ സർവീസ് നടപ്പാക്കുകയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നേരത്തെ നിർദ്ദിഷ്ട പ്രൊഫഷനുകൾക്ക് സൗദി തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ തൊഴിൽ നൈപുണ്യ പരീക്ഷ മന്ത്രാലയം ബാധകമാക്കിയതിനു പുറമെയാണിത് എന്നത് ശ്രദ്ധേയമാണ്.
പുതിയ പദ്ധതി നിലവിൽ വരുന്നതോടെ നിർദ്ദിഷ്ട പ്രൊഫഷനുകളിൽ സൗദിയിലേക്ക് തൊഴിൽ വിസ സ്റ്റാംബ് ചെയ്യണമെങ്കിൽ തൊഴിൽ നൈപുണ്യ പരീക്ഷ മാത്രം ജയിച്ചാൽ മതിയാകില്ല, മറിച്ച് സർട്ടിഫിക്കറ്റ്, അതിൻ്റെ നിലവാരം, വിദ്യാഭ്യാസ മേഖല, വർക്ക് എക്സ്പീരിയൻസ് എന്നിവ കൂടെ പരിഗണിക്കുമെന്നാണ് മനസ്സിലാകുന്നത്.
ഏതെല്ലാം പ്രൊഫഷനുകളിൽ ആയിരിക്കും പുതിയ നിയമം ബാധകമാകുകയെന്നതും യോഗ്യത കണക്കാക്കുന്ന മാനദണ്ഡങ്ങൾ ഏതെല്ലാമായിരിയ്ക്കുമെന്നും വരും ദിനങ്ങളിൽ വ്യക്തമായേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa