Friday, March 6, 2026
Middle EastTop Stories

ഹൂത്തി സൈനിക മേധാവി മുഹമ്മദ് അൽ-ഗമാരി ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു; കനത്ത തിരിച്ചടി നൽകുമെന്ന് ഹൂത്തികളുടെ മുന്നറിയിപ്പ്

യെമനിലെ ഹൂത്തി സൈനിക മേധാവി മേജർ ജനറൽ മുഹമ്മദ് അബ്ദ് അൽ-കരീം അൽ-ഗമാരി ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗ്രൂപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.

അദ്ദേഹത്തിൻ്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേലിനെതിരായ സൈനിക നടപടികൾ തുടരുമെന്ന് ഹൂതി സൈന്യം പ്രഖ്യാപിച്ചു.

ഹൂതി സൈനിക കമാൻഡ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, അൽ-ഗമാരി തൻ്റെ സഹായികൾക്കും 13 വയസ്സുള്ള മകനുമൊപ്പം “ഇസ്രായേലി ശത്രുവിനെതിരായുള്ള അഭിമാനകരമായ പോരാട്ടത്തിനിടയിൽ” കൊല്ലപ്പെട്ടു. ആക്രമണം നടന്ന തീയതിയോ സ്ഥലമോ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല.

ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ‘എക്സി’ലെ പോസ്റ്റിലൂടെ അൽ-ഗമാരിയുടെ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് അവസാനം ഹൂതി പ്രധാനമന്ത്രിയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയ ഇസ്രായേലി ആക്രമണത്തിൽ ഏറ്റ പരിക്കുകളെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് കാറ്റ്സ് അറിയിച്ചു.

ഗാസ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് ഈ മരണം. ഗാസ സംഘർഷം നടന്നുവന്നിരുന്ന രണ്ട് വർഷക്കാലയളവിൽ, ചെങ്കടലിലെ ഇസ്രായേലി കപ്പലുകൾക്കും അന്താരാഷ്ട്ര കപ്പലുകൾക്കും നേരെ ഹൂതി സേന നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.

സെപ്റ്റംബർ അവസാനത്തോടെ, യെമൻ തലസ്ഥാനമായ സനായിലെ ഹൂതി ജനറൽ സ്റ്റാഫ് ആസ്ഥാനത്ത് തങ്ങൾ ലക്ഷ്യം വെച്ചതായി ഇസ്രായേൽ പറഞ്ഞിരുന്നു.

ഈയിടെ ഹൂതികൾക്കെതിരെ ഇസ്രായേൽ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായിരുന്നു അത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa