നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾ കുവൈത്തിൽ തകർന്നു വീണു; പൈലറ്റുമാർ രക്ഷപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച രാവിലെ നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നു വീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയം വക്താവ് ഔദ്യോഗിക വാർത്താ ഏജൻസിയായ കുന വഴി അറിയിച്ചു.
അപകടം നടന്ന ഉടൻ തന്നെ കുവൈത്ത് അധികൃതർ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
വിമാനത്തിൽ നിന്നും രക്ഷപ്പെട്ട പൈലറ്റുമാരെയും മറ്റ് ജീവനക്കാരെയും ഉടൻ തന്നെ ഒഴിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ നില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
വിമാനങ്ങൾ തകരാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ സൈന്യവുമായി നേരിട്ട് ഏകോപനം നടത്തിക്കൊണ്ടാണ് അന്വേഷണ നടപടികൾ പുരോഗമിക്കുന്നത്.
സാങ്കേതികമായ കാരണങ്ങളാണോ അതോ നിലവിലെ പ്രാദേശിക സംഘർഷങ്ങളാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചു വരികയാണ്.
കുവൈത്തിന്റെ വടക്കൻ മേഖലയിൽ യുഎസ് യുദ്ധവിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം ഉണ്ടായത്.
പശ്ചിമേഷ്യയിൽ ഇറാൻ്റെ പ്രത്യാക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് എന്നത് അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
