ബഹ്‌റൈനിൽ ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ അഞ്ച് പേർ പിടിയിൽ; തന്ത്രപ്രധാന കേന്ദ്രങ്ങളുടെ വിവരങ്ങൾ ചോർത്തിയെന്ന് വെളിപ്പെടുത്തൽ
മനാമ: രാജ്യത്തെ അതീവ സുപ്രധാന വിവരങ്ങൾ ചോർത്തി ഇറാന്റെ റെവല്യൂഷണറി ഗാർഡിന്കൈ മാറിയ അഞ്ചംഗ സംഘത്തെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പിടികൂടി.
ബഹ്‌റൈനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാൻ ഇറാനെ സഹായിച്ചുവെന്ന ഗൗരവകരമായ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
25-നും 39-നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ അഞ്ച് പേരും. ഇതിൽ പ്രധാന പ്രതി ഇറാനിലെ റെവല്യൂഷണറി ഗാർഡ് ക്യാമ്പുകളിൽ പോയി നേരിട്ട് കഠിനമായ സൈനിക പരിശീലനം നേടിയയാളാണെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
ബഹ്‌റൈനിലെ സുപ്രധാനമായ സർക്കാർ സ്ഥാപനങ്ങൾ, സൈനിക കേന്ദ്രങ്ങൾ എന്നിവയുടെ ചിത്രങ്ങളും ലൊക്കേഷൻ വിവരങ്ങളും ഇവർ ശേഖരിച്ചിരുന്നു. ഇതിനുപുറമെ രാജ്യത്തെ പ്രമുഖ ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങളും സംഘം ചോർത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഈ വിവരങ്ങൾ ഇറാൻ റെവല്യൂഷണറി ഗാർഡിന് കൈമാറിയത് വഴി രാജ്യത്തെ വിവിധ സ്ഥലങ്ങളെ ലക്ഷ്യം വെക്കാൻ ഇറാനെ ഇവർ സഹായിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അബ്ബാസ് അബ്ദുല്ല ഹബീബ് (39 വയസ്സ്), യൂസഫ് അഹമ്മദ് മൻസൂർ സർഹാൻ (25 വയസ്സ്), മുഹമ്മദ് ഫദൽ ഹമീദ് (39 വയസ്സ്), സഹ്ലൻ അബ്ദുൾ-റെധാ അലി (27 വയസ്സ്), മുഹമ്മദ് ഹാദി ഹസ്സൻ (37 വയസ്സ്) എന്നിവരാണ് പിടിയിലായതെന്ന് മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
