അമേരിക്കക്ക് തലവേദനയായി ഇറാന്റെ ആത്മഹത്യാ ഡ്രോണുകൾ; 200 സൈനികർക്ക് പരിക്കേറ്റതായി യു എസ് സെൻട്രൽ കമാൻഡ്
ഇറാനുമായുള്ള സൈനിക നീക്കത്തിനിടെ ഇതുവരെ 200 ഓളം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി യുഎസ് സെൻട്രൽ കമാൻഡ് വെളിപ്പെടുത്തി.
ഫെബ്രുവരി 28-ന് ഇസ്രായേൽ-അമേരിക്ക സഖ്യം ഇറാനുനേരെ ആക്രമണം ആരംഭിച്ചതിന് ശേഷം ആകെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും ഔദ്യോഗിക സ്ഥിരീകരിച്ചു.
പരിക്കേറ്റ 200 പേരിൽ 10 പേരുടെ നില അതീവ ഗുരുതരമാണെന്ന് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് അറിയിച്ചു. ഇതിനിടെ കൊല്ലപ്പെട്ട 13 സൈനികരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചതായും പെന്റഗൺ വ്യക്തമാക്കി.
അമേരിക്കൻ സൈനികർക്ക് പരിക്കേൽക്കുന്നതിൽ ഭൂരിഭാഗവും ഇറാന്റെ ‘വൺ-വേ’ (ആത്മഹത്യാ) ഡ്രോൺ ആക്രമണങ്ങൾ മൂലമാണെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി.
പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് അതിവേഗം എത്തുന്ന ഇത്തരം ഡ്രോണുകൾ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
പൊള്ളൽ, തലച്ചോറിനേറ്റ ആഘാതം, മിസൈൽ അവശിഷ്ടങ്ങൾ മൂലമുള്ള മുറിവുകൾ എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്തിരിക്കുന്ന പരിക്കുകൾ. പരിക്കേറ്റവരിൽ 180 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചു.
ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയത് മുതൽ മിഡിൽ ഈസ്റ്റിലെ വിവിധ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെയും ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളുടെയും ആക്രമണം തുടരുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
