സൗദിയിൽ കാലാവസ്ഥാ മുന്നറിയിപ്പ്; വിവിധ പ്രവിശ്യകളിൽ ശക്തമായ മഴയും കാറ്റും
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും വരും മണിക്കൂറുകളിലും ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ജിസാൻ, അസീർ, അൽ-ബാഹ, മക്ക എന്നീ പ്രവിശ്യകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഈ കാലാവസ്ഥാ വ്യതിയാനം മദീന, ഹായിൽ, ഖസീം, റിയാദ് എന്നീ മേഖലകളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കിഴക്കൻ പ്രവിശ്യ, നജ്‌റാൻ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം. മഴയോടൊപ്പം തന്നെ ഈ പ്രദേശങ്ങളിലും വടക്കൻ അതിർത്തി മേഖലകൾ, അൽ-ജൗഫ്, തബൂക്കിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുണ്ട്.
പ്രധാന നഗരങ്ങളിലെ താപനില പരിശോധിക്കുമ്പോൾ മക്കയിലും റിയാദിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൂടിയ താപനില 38 ഡിഗ്രി സെൽഷ്യസായിരിക്കും. മദീനയിൽ 39 ഡിഗ്രിയും ദമ്മാമിലും ജിദ്ദയിലും 35, 34 ഡിഗ്രി വീതവുമായിരിക്കും താപനില.
അബഹ, അൽ-ബാഹ, ത്വാഇഫ്, അൽ-മജ്മഅ, ദവാദമി എന്നിവിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഖർജ്, അൽ-അഹ്സ, ഷറൂറ എന്നിവിടങ്ങളിൽ കൂടിയ താപനില 41 ഡിഗ്രി വരെ എത്തിയേക്കാം.
ഹായിൽ, ബുറൈദ എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. തീർത്ഥാടകർക്കും യാത്രികർക്കും സുപ്രധാനമായ അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിൽ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പ്രത്യേകം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
