ലെബനനിൽ കന്യാമറിയത്തിന്റെ പ്രതിമയെ അപമാനിച്ച് ഇസ്രായേൽ സൈനികൻ; വ്യാപക പ്രതിഷേധം
തെക്കൻ ലെബനനിലെ ക്രൈസ്തവ ഗ്രാമമായ ദെബലിൽ ഇസ്രായേൽ സൈനികൻ കന്യകാമറിയത്തിന്റെ രൂപത്തെ അപമാനിക്കുന്ന ചിത്രം പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.
മാതാവിന്റെ രൂപത്തെ ഒരു കൈകൊണ്ട് ചേർത്തുപിടിച്ച്, അതിന്റെ വായിലേക്ക് കത്തുന്ന സിഗരറ്റ് വെച്ചുകൊടുക്കുന്ന സൈനികന്റെ ചിത്രമാണ് സൈനികർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
തുടരുന്ന അതിക്രമങ്ങൾകഴിഞ്ഞ മാസം ഇതേ ഗ്രാമത്തിൽ വെച്ച് യേശുക്രിസ്തുവിന്റെ രൂപം ഇസ്രായേൽ സൈനികൻ ചുറ്റിക കൊണ്ട് അടിച്ചുതകർത്തിരുന്നു. ആ സംഭവത്തിൽ ഉൾപ്പെട്ട രണ്ട് സൈനികരെ പിന്നീട് സൈന്യം പുറത്താക്കുകയും 30 ദിവസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് പുതിയ പ്രകോപനം ഉണ്ടായിരിക്കുന്നത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സൈനികന്റെ പെരുമാറ്റം സേനയുടെ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും ഇസ്രായേൽ പ്രതിരോധ സേന (IDF) പ്രസ്താവനയിൽ അറിയിച്ചു.
ചിത്രം മാസങ്ങൾക്ക് മുമ്പ് എടുത്തതാണെങ്കിലും ഇപ്പോഴാണ് പുറത്തുവന്നതെന്നും സൈനികനെ തിരിച്ചറിഞ്ഞാലുടൻ കർശന നടപടിയെടുക്കുമെന്നും സൈന്യം വ്യക്തമാക്കി.മതചിഹ്നങ്ങളെയും ആരാധനാലയങ്ങളെയും സൈനികർ മനഃപൂർവ്വം ലക്ഷ്യം വെക്കുന്നുവെന്ന് ക്രൈസ്തവ സംഘടനകൾ ആരോപിക്കുന്നു.
മേഖലയിൽ ഇസ്രായേൽ സൈന്യം സോളാർ പാനലുകളും ട്രക്കുകളും നശിപ്പിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
