ദുബായിൽ നിന്ന് പുറപ്പെട്ട കപ്പലിന് നേരെ വെടിവെപ്പ്; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു
ദുബായ്: ദുബായിൽ നിന്ന് യെമനിലേക്ക് ചരക്കുമായി പോയ കപ്പൽ ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു.
ഗുജറാത്തിലെ ദേവഭൂമി ദ്വാരക സ്വദേശിയായ അൽതാഫ് തലബ് കെർ ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
‘അൽ ഫൈസ് നൂർ സുലൈമാനി’ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 18 ജീവനക്കാരിൽ ഒരാളായിരുന്നു അൽതാഫ്.
വെടിവെപ്പ് നടക്കുമ്പോൾ ഇദ്ദേഹം കപ്പലിന്റെ എൻജിൻ റൂമിന് സമീപമായിരുന്നുവെന്ന് ഇന്ത്യൻ സെയിലിംഗ് വെസൽസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആദം ഭായ അറിയിച്ചു.
അപകടത്തിൽപ്പെട്ട കപ്പലിലെ മറ്റ് 17 ജീവനക്കാരെയും ‘പ്രേം സാഗർ’ എന്ന മറ്റൊരു കപ്പൽ രക്ഷപ്പെടുത്തി വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദുബായിൽ എത്തിച്ചു. രക്ഷപ്പെട്ട ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്നാണ് വിവരം.
സംഭവത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. കപ്പൽ ഉടമയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും മരണപ്പെട്ട നാവികന്റെ കുടുംബത്തിനും മറ്റ് ജീവനക്കാർക്കും ആവശ്യമായ എല്ലാ സഹായങ്ങളും മുൻഗണനാടിസ്ഥാനത്തിൽ നൽകുമെന്നും കോൺസുലേറ്റ് അറിയിച്ചു.
അൽതാഫിന്റെ മൃതദേഹം ദുബായിൽ സംസ്കരിക്കുന്നതിനും മറ്റ് നിയമനടപടികൾക്കുമായി അധികൃതർ ഇടപെട്ടു വരികയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
