കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒട്ടേറെ പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിർത്തിവെച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വൻ നാശനഷ്ടം.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും വിമാനത്താവളത്തിന്റെ ഒരു ടെർമിനലിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും കുവൈറ്റ് സൈന്യം സ്ഥിരീകരിച്ചു.
ആക്രമണത്തെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
മറ്റ് വിമാനങ്ങൾ അടുത്തുള്ള ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുമെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ ‘കുന’ (KUNA) റിപ്പോർട്ട് ചെയ്തു.
വിമാനത്താവളത്തിലെ ‘ടി1’ (T1) ബിൽഡിംഗിന് നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. രാജ്യത്തിന് നേരെ ഇറാൻ നടത്തിയ ഈ മിസൈൽ-ഡ്രോൺ ആക്രമണത്തെ കുവൈറ്റ് സൈനിക വക്താവ് ശക്തമായി അപലപിച്ചു.
ഇറാന്റേത് കുറ്റകരമായ അധിനിവേശമാണെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ-ഒതൈബി വിശേഷപ്പിച്ചു.
ആക്രമണത്തിൽ വിമാനത്താവള കെട്ടിടത്തിന് വൻതോതിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം സ്ഥിരീകരിച്ചു.
എന്നാൽ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ എത്രപേർക്ക് പരിക്കേറ്റുവെന്നോ അവരുടെ നില എത്രത്തോളം ഗുരുതരമാണെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക സംഘർഷം നിലനിൽക്കുന്നതിനിടെയാണ് കുവൈറ്റിന് നേരെ ഇറാന്റെ നേരിട്ടുള്ള ഈ ആക്രമണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
