വ്യാഴാഴ്‌ച, ജൂലൈ 9, 2026
Middle EastTop StoriesUSA

“ഇറാൻ എന്നെ വിളിച്ച് ചർച്ചയ്ക്ക് അപേക്ഷിക്കുന്നു, പക്ഷേ അവരെ വിശ്വസിക്കാൻ കൊള്ളില്ല”; പുതിയ വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പശ്ചിമേഷ്യയിൽ യുദ്ധഭീതിയും വ്യോമാക്രമണങ്ങളും ശക്തമായി തുടരുന്നതിനിടെ, പുതിയ വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

തങ്ങളുമായി പുതിയൊരു സമാധാന കരാറിലെത്താൻ ഇറാൻ ഭരണകൂടം അതീവ താല്പര്യത്തോടെ അമേരിക്കയെ ഫോണിൽ ബന്ധപ്പെട്ടതായാണ് ട്രംപ് അവകാശപ്പെടുന്നത്.

നാറ്റോ ഉച്ചകോടിക്ക് ശേഷം തുർക്കിയിൽ നിന്നും അമേരിക്കയിലേക്ക് എയർഫോഴ്സ് വൺ വിമാനത്തിൽ മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അല്പം മുൻപ് അവർ (ഇറാൻ അധികൃതർ) എന്നെ വിളിച്ചിരുന്നു. അമേരിക്കയുമായി ഒരു കരാറിലെത്താൻ അവർ അത്രയധികം ആഗ്രഹിക്കുന്നുണ്ട്,” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇറാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും അവരുമായി ഇനി ഒരു കരാറിലേർപ്പെടുന്നതിൽ തനിക്ക് കടുത്ത സംശയമുണ്ടെന്ന് ട്രംപ് തുറന്നടിച്ചു. “പക്ഷേ അവരുമായി ഒരു കരാർ ഉണ്ടാക്കാൻ മാത്രം അവർ യോഗ്യരാണോ എന്ന് എനിക്കറിയില്ല.

അവർ ആ കരാർ മാനിക്കുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. അതാണ് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നം,” ട്രംപ് വ്യക്തമാക്കി.

ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് അവർ ഹോർമൂസ് കടലിടുക്കിൽ വെച്ച് അന്താരാഷ്ട്ര വാണിജ്യ കപ്പലുകളെ ഇപ്പോഴും ആക്രമിക്കുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ട്രംപ് മറുപടി നൽകി.

“അവർക്ക് അല്പം ഭ്രാന്താണ്. അവരുടെ നിയന്ത്രണം അല്പം നഷ്ടപ്പെട്ടിരിക്കുകയാണ്, എങ്കിലും ഒരു കരാർ ഉണ്ടാക്കാൻ അവർക്ക് അതിയായ ആഗ്രഹമുണ്ട്.”

ഇരുരാജ്യങ്ങളും തമ്മിൽ നേരത്തെ ഒപ്പുവെച്ചിരുന്ന താൽക്കാലിക വെടിനിർത്തൽ ധാരണാപത്രം അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group