വെള്ളിയാഴ്‌ച, ജൂലൈ 10, 2026
Middle EastTop Stories

ഇറാനിൽ വീണ്ടും ആക്രമണം; തങ്ങൾക്ക് പങ്കില്ലെന്ന് യുഎസ്; പിന്നിൽ ഇസ്രായേലെന്ന് സംശയം

അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടലുകൾക്ക് തൊട്ടുപിന്നാലെ തങ്ങളുടെ രാജ്യത്തിന് നേരെ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി ഇറാൻ വ്യക്തമാക്കി.

എന്നാൽ, ഈ പുതിയ ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ഔദ്യോഗികമായി അറിയിച്ചു.

തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വീണ്ടും ശത്രു ലക്ഷ്യങ്ങളെ നേരിട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആക്രമണം നടത്തിയത് ആരാണെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.

ഹോർമൂസ് കടലിടുക്കിലെ തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ ആക്രമണം നടത്തിയിരുന്നു.

എന്നാൽ പുതിയതായി നടന്ന സ്ഫോടനങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് യുഎസ് സൈനിക വക്താവ് വ്യക്തമാക്കി. ഈ സമയത്ത് അമേരിക്കൻ സൈന്യം മേഖലയിൽ യാതൊരുവിധ സൈനിക നീക്കങ്ങളും നടത്തിയിട്ടില്ലെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.

അമേരിക്ക പങ്കാളിത്തം നിഷേധിച്ചതോടെ, ഈ ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആയിരിക്കാമെന്നാണ് അന്താരാഷ്ട്ര സൈനിക നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസത്തെ യുഎസ് ആക്രമണത്തിൽ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.

ഇറാന്റെ ഈ തളർച്ച മുതലെടുത്തുകൊണ്ട് ഇസ്രായേൽ തങ്ങളുടെ തന്ത്രപ്രധാന ലക്ഷ്യങ്ങൾ തകർത്തതാകാം എന്നാണ് നിഗമനം.

ഒരു വശത്ത് ചർച്ചകൾക്കായി ഇറാൻ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴാണ് മറുവശത്ത് ഇറാനിൽ ദുരൂഹമായ ആക്രമണങ്ങൾ തുടരുന്നത്.

അമേരിക്കയ്ക്ക് പുറമെ ഇസ്രായേൽ കൂടി നേരിട്ട് രംഗത്തെത്തിയതോടെ മേഖലയിലെ സാഹചര്യം പ്രവചനാതീതമായി മാറി. പുതിയ ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group