ഇറാന് മേൽ വീണ്ടും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക; ആക്രമണം കനപ്പിച്ചു, എണ്ണവില കുതിക്കുന്നു
പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഇറാന് മേൽ കടുത്ത സാമ്പത്തിക-ഊർജ്ജ ഉപരോധങ്ങൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഉപരോധത്തിന് പുറമെ മേഖലയിൽ യുഎസ് സൈന്യം ആക്രമണം കനപ്പിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന ഇറാന്റെ വരുമാന സ്രോതസ്സുകൾ പൂർണ്ണമായും ഇല്ലാതാക്കുകയാണ് പുതിയ ഉപരോധത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
ഹോർമൂസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന അമേരിക്കൻ വാദങ്ങളെ വെല്ലുവിളിച്ച് ഇറാൻ കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നതോടെ പെന്റഗൺ തങ്ങളുടെ മൂന്നാം ഘട്ട സൈനിക നീക്കങ്ങൾക്ക് വേഗത കൂട്ടി.
ഇറാന്റെ മിസൈൽ വിക്ഷേപണ തറകളും സൈനിക ആസ്ഥാനങ്ങളും ഉൾപ്പെടെ 140 ഓളം തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് യുഎസ് ബോംബർ വിമാനങ്ങൾ അതിശക്തമായ വ്യോമാക്രമണം നടത്തിയത്.
എന്നാൽ, അമേരിക്കൻ ആക്രമണങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്ന നിലപാടിൽ ഇറാനും ഉറച്ചുനിൽക്കുകയാണ്. ഇതോടെ ഇരുപക്ഷവും കടുത്ത ശാഠ്യം തുടരുന്നത് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ പ്രവചനാതീതമാക്കി മാറ്റിയിരിക്കുന്നു.
യുദ്ധം കനക്കുകയും ഇറാന്റെ എണ്ണവ്യാപാരത്തിന് മേൽ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ആഗോള ഊർജ്ജ വിപണി കടുത്ത പ്രതിസന്ധിയിലായി.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഒയിലിന്റെ വില ഓരോ ദിവസവും വർധിക്കുകയാണ്. വരും ദിവസങ്ങളിൽ യുദ്ധം തുടർന്നാൽ എണ്ണവില ഇനിയും കുതിച്ചുയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
കപ്പൽ പാത സുരക്ഷിതമാണെന്നും ആഗോള ധനകാര്യ വിപണിയെ ഇത് ബാധിക്കില്ലെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം ഇതിന് വിരുദ്ധമാണെന്ന് ആഗോള വിപണിയിലെ ചലനങ്ങൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
