ചൊവ്വാഴ്‌ച, ഓഗസ്റ്റ്‌ 18, 2026
Saudi ArabiaTop Stories

സൗദിയിൽ ഭിന്നശേഷിക്കാരോട് വിവേചനം കാണിച്ചാൽ പണി കിട്ടും; അഞ്ച് ലക്ഷം റിയാൽ വരെ പിഴ

റിയാദ്: ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കുന്ന സ്വകാര്യ-സൗജന്യ സേവന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളുമായി ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള സൗദി അതോറിറ്റി (APD).

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ 25-ാം വകുപ്പ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പരിശോധന നടത്താനും പിഴ ചുമത്താനുമുള്ള പൂർണ്ണ ചുമതല അതോറിറ്റി നേരിട്ട് ഏറ്റെടുത്തു.

നിയമലംഘനങ്ങൾ വിലയിരുത്തുന്നതിനും അർഹമായ ശിക്ഷകൾ നടപ്പിലാക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. കുറ്റം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ 5 ലക്ഷം റിയാൽ വരെ പിഴ ചുമത്താനും, കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

ഭിന്നശേഷിക്കാർക്ക് നിയമപരമായി ഉറപ്പുനൽകുന്ന അവകാശങ്ങളും സേവനങ്ങളും നിഷേധിക്കുന്നത് അതോറിറ്റി കുറ്റകരമായി കണക്കാക്കുന്നു. പ്രധാന ലംഘനങ്ങൾ താഴെ പറയുന്നവയാണ്:

  • ഭിന്നശേഷിയുടെ പേരിൽ നേരിട്ടോ അല്ലാതെയോ ഉള്ള വിവേചനങ്ങൾ അടങ്ങിയ നയങ്ങൾ നടപ്പിലാക്കുക.
  • ഇടപാടുകളിൽ ഭിന്നശേഷിക്കാരോട് വിവേചനം കാണിക്കുക.
  • നിയമപരമായ തടസ്സങ്ങളില്ലാതെ സ്വന്തം കാര്യങ്ങളും ഇടപാടുകളും സ്വതന്ത്രമായി നടത്തുന്നതിൽ നിന്ന് അവരെ തടയുക.
  • വിദ്യാഭ്യാസം, പരിശീലനം, ആരോഗ്യം, ഇൻഷുറൻസ്, സാമ്പത്തിക സേവനങ്ങൾ എന്നിവ നിഷേധിക്കുക.
  • സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശം തടസ്സപ്പെടുത്തുക.

സൗജന്യ സേവന മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങൾ നിയമങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് അതോറിറ്റി ഉറപ്പുവരുത്തും.

ഭിന്നശേഷിക്കാർക്ക് സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ എല്ലാ സേവനങ്ങളും തുല്യമായി ലഭ്യമാക്കുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവസര സമത്വം ഉറപ്പാക്കുക എന്നിവയാണ് ഈ കർശന നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്