സ്വർണവിലയിൽ വൻ ഇടിവ്: സ്വർണ്ണ വില താഴാനുള്ള മൂന്നു കാരണങ്ങൾ ഇവയാണ്
ഇന്റർനാഷണൽ ഡസ്ക് : അന്താരാഷ്ട്ര വിപണിയിലും ഇന്ത്യൻ വിപണിയിലും സ്വർണവിലയിൽ വൻ ഇടിവ്. കേരളത്തിൽ 8 ഗ്രാം തങ്കത്തിനു ₹1656 ഇടിഞ്ഞു ₹1,21,616 ആയി കുറഞ്ഞു. 8 ഗ്രാം 22 ഗ്രാം സ്വർണ്ണത്തിന് ₹1520 ഇടിഞ്ഞു ₹1,11,480 ആയും കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ഗോൾഡ് വില 0.6 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,304.01 ഡോളറിലെത്തി. ഇത് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുകയും ഇത് പണപ്പെരുപ്പ ആശങ്കകളിലേക്ക് നയിക്കുകയും ചെയ്തത് സ്വർണവിലയിൽ ഇടിവുണ്ടാകാൻ കാരണമായിട്ടുണ്ട്. കൂടാതെ യുഎസ് ഡോളർ ശക്തി പ്രാപിച്ചതും സ്വർണവിലയെ പ്രതികൂലമായി ബാധിച്ചു. യുഎസ് ബോണ്ട് യീൽഡിലുണ്ടായ വർധനവും പലിശ നിരക്കുകൾ കൂടിയേക്കാമെന്ന ഭയവും വിലയിടിവിന് ആക്കം കൂട്ടി. എണ്ണവില വർധിക്കുന്നത് കേന്ദ്ര ബാങ്കുകൾക്ക് പലിശ നിരക്ക് ഉയർത്താൻ കാരണമാകുമെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലാണ് സ്വർണത്തിലേക്ക് തിരിയുന്നതിൽ നിന്ന് നിക്ഷേപകരെ പിന്തിരിപ്പിക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ മാസം പലിശ നിരക്ക് ഉയർത്താൻ 67 ശതമാനം സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. പലിശ നിരക്ക് ഉയരുമ്പോൾ വരുമാനം ലഭിക്കാത്ത സ്വർണത്തോടുള്ള ആകർഷണം കുറയുന്നത് സ്വാഭാവികമാണ്. ഇവയെല്ലാം ആണ് സ്വർണ്ണ വില ഇപ്പോൾ കുറയാനുള്ള കാരണം.
സ്വർണത്തിന് പുറമെ മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുടെ വിലയിലും ഇടിവ് ദൃശ്യമായിട്ടുണ്ട്. വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന യുഎസിലെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രധാന കണക്കുകളിലേക്കാണ് ഇപ്പോൾ വിപണി ഉറ്റുനോക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
