സൗദിയിൽ ഒട്ടകക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ച് കയറി ഇന്ത്യക്കാരനടക്കം മൂന്നു പേർ മരിച്ചു
ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഒട്ടകൂട്ടത്തിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി ഹൈദരാബാദ് സ്വദേശിയടക്കം മൂന്നു പേര് മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഖത്തര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അല്‍ അഹ്സ-സല്‍വ റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നിര്‍മാണ കമ്പനി ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ പെട്ടെന്ന് റോഡില്‍ പ്രത്യക്ഷപ്പെട്ട ഒട്ടകക്കൂട്ടത്തിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ ഹൈദരാബാദ് സ്വദേശി ഗംഗാരാജം സുനഗപക്ക (52), പാകിസ്താന് പൗരന്മാരായ ഹസന് അക്തര്‍ (49), റിസ്വാന് അലി (47) എന്നിവരാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയായ മറ്റൊരു ജീവനക്കാരന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
അല്‍ അഹ്സയിലെ കമ്പനിയുടെ പ്രോജെക്ട് പൂര്‍ത്തിയാക്കി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റിയാദിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം. നാട്ടിലേക്ക് കുടുംബത്തിന്റെ അടുത്തേക്ക് സന്തോഷത്തോടെ മടങ്ങാനിരുന്ന ഗംഗാരാജത്തിന്റെ വിയോഗം സഹപ്രവര്‍ത്തകരെയും ഉറ്റവരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
നാട്ടിലേക്ക് മൃതദേഹങ്ങള്‍ അയക്കുന്നതിനുള്ള തുടര്‍ നിയമനടപടികള്‍ ഒ.ഐ.സി.സി വെല്‍ഫെയര്‍ വിഭാഗം ഭാരവാഹി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ അല്‍ അഹ്സയില്‍ അതിവേഗം പുരോഗമിക്കുകയാണ്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
