സൗദി അറേബ്യക്ക് ഇന്ത്യയുടെ ഐക്യദാർഢ്യം; റിയാദ് ടവർ ആക്രമണത്തെ ശക്തമായി അപലപിച്ച് വിദേശമന്ത്രാലയം
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ടവറിനു നേരെയുണ്ടായ ഹൂത്തീ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
നവംബർ 24-ന് നടന്ന ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റതായും അവരിൽ രണ്ട് പേർ ഇന്ത്യൻ പൗരന്മാരാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സിവിലിയൻ, സാമ്പത്തിക, ഊർജ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നതിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, സൗദി അറേബ്യൻ സർക്കാരിനും ജനങ്ങൾക്കും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ടവറിനു നേരെയുണ്ടായ സംഭവത്തെ ‘ഭീകരാക്രമണം’ എന്നാണ് സൗദി സഖ്യസേന വിശേഷിപ്പിച്ചത്. ഹൂത്തി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പരിക്കേറ്റവരിൽ ഇന്ത്യക്കാരുണ്ടെന്ന വിവരം ഇന്ത്യൻ അധികൃതർ സ്ഥിരീകരിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് റിയാദിലെ ബന്ധപ്പെട്ട അധികാരികൾ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. പരിക്കേറ്റ ഇന്ത്യക്കാരുടെ ക്ഷേമകാര്യത്തിൽ ഇന്ത്യൻ എംബസി ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
