Saturday, September 21, 2024
Top StoriesU A E

യു എ ഇ യിൽ ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു

യു എ ഇ യിൽ ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ദുബായിൽ പുതുതായി ലൈസൻസുകൾ അനുവദിക്കപ്പെട്ട കമ്പനികളിലാണ് തൊഴിലവസരങ്ങൾ.

ദുബായിൽ ഫെബ്രുവരിയിൽ പുതുതായി അനുവദിച്ച 2204 പുതിയ ലൈസൻസുകൾ പ്രകാരം 8500 തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടതായി ദുബായ് സാമ്പത്തിക വികസന വകുപ്പിന്റെ കണക്കിൽ പറയുന്നു. 2018 ഫെബ്രുവരിയിൽ 1606 പുതിയ കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചതുമായി തുലനം ചെയ്യുമ്പോൾ 37 ശതമാനം വളർച്ചയാണ് പുതിയ കമ്പനികൾ തുടങ്ങുന്നതിൽ 2019ൽ ഉണ്ടായിട്ടുള്ളത്. 8515 തൊഴിലുകൾ പുതുതായി അനുവദിക്കപ്പെട്ട ലൈസൻസുകൾ പ്രകാരം സൃഷ്ടിക്കപ്പെട്ടുവെന്ന് ദുബായ് സാമ്പത്തിക വികസന വകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു.

ഏറ്റവും കൂടുതൽ ലൈസൻസ് അനുവദിക്കപ്പെട്ടത് ഇന്ത്യക്കാർക്കാണ്, അത് കഴിഞ്ഞാൽ പാകിസ്ഥാനികളും ബംഗ്ലാദേശികളും. അത് കൊണ്ട് തന്നെ ഈ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ജോലി ലഭിക്കുന്നതും ഇന്ത്യക്കാർക്കായിരിക്കും.

ഈയിടെ ഓൺലൈൻ റിക്രൂട്ട്മെന്റ് കമ്പനിയായ ഗൾഫ് ടാലന്റ് നടത്തിയ ഒരു സർവേയിൽ, യു എ ഇ തൊഴിൽ മേഖലയിൽ 2019 ൽ 9% വളർച്ചയുണ്ടാവും എന്ന് കണ്ടെത്തിയിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ഇന്ത്യൻ പാകിസ്ഥാൻ തൊഴിലാളികളെ ജോലിക്ക് വെക്കാനാണ് താൽപര്യപ്പെടുന്നത്. അറബ് പൗരന്മാരേക്കാൾ 20 ശതമാനവും, പാശ്ചാത്യരേക്കാൾ 40 ശതമാനവും കുറഞ്ഞ വേതനം നൽകിയാൽ മതി എന്നതാണ് ഏഷ്യൻ തൊഴിലാളികളെ ജോലിക്ക് വെക്കാൻ തൊഴിലുടമകളെ പ്രേരിപ്പിക്കുന്നത്.

സ്വദേശവൽക്കരണത്തിനിടയിലും ഇന്ത്യക്കാർക്ക് ഗൾഫിൽ പിടിച്ചു നിൽക്കാൻ കഴിയും എന്ന സൂചനയാണ് യു എ ഇ യിൽ നിന്നുള്ള പുതിയ വാർത്തകൾ നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q