തിരയിൽപെട്ട മകനെയും കൂട്ടുകാരെയും രക്ഷിക്കുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം
കോഴിക്കോട്: തിരയിൽപെട്ട മകനെയും കൂട്ടുകാരെയും രക്ഷിക്കുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം. കോഴിക്കോട് ഗാന്ധിറോഡ് കേരള സോപ്സിനു സമീപം കണ്ണൻകടവത്ത് കെജി പ്രതാപാണ് (47) കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെട്ട മകനെയും മകന്റെ കൂട്ടുകാരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം. ഖത്തറിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രതാപ് 14 കാരനായ മകൻ വിഘ്നേഷിനെയും മകന്റെ അയൽവാസികളായ, ശബരിനാഥ് (14), രാഹുല്‍ (13) എന്നീ കൂട്ടുകാരെയും കൂട്ടി കടലിൽ പോയതായിരുന്നു. ലയൺസ് പാർക്കിനടുത്തുള്ള കടൽതീരത്ത് കുളിക്കുന്നതിനിടെയായിരുന്നു മകനും കൂട്ടുകാരും തിരയിൽ പെട്ടത് . ഇവരെ രക്ഷിക്കാൻ ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്.
സമീപത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് ഇറോത്ത് വാട്ടര്‍ സ്‌പോര്‍ട്‌സിലെ ലൈഫ് ഗാർഡുകൾ രക്ഷാബോട്ടുമായി പാഞ്ഞെത്തി കടലിൽപെട്ട കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ, രക്ഷാപ്രവർത്തനത്തിനിടെ കടലിൽ മുങ്ങിയ പ്രതാപിനെ ലൈഫ് ഗാർഡുകൾ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കടലിൽ നന്നായി നീന്തി പരിചയമുള്ള പ്രതാപ് ചുഴിയിൽപെട്ടു മുങ്ങിയയതാവാം എന്നാണ് നിഗമനം.
ഭാര്യ: ശ്രീജ. മക്കൾ:വിഘ്നേഷ് (ഒമ്പതാം ക്ലാസ് വിദ്യാർഥി, സെന്റ് ജോസഫ്സ് ബോയ്സ്), ശ്രീലക്ഷ്മി (പ്ലസ്വൺ വിദ്യാർഥിനി, പ്രോവിഡൻസ് ഗേൾസ് സ്കൂൾ). പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ശോഭന. സഹോദരങ്ങൾ: കമൽ (ഖത്തർ), സാബു (മത്സ്യത്തൊഴിലാളി), ജാൻസി. സംസ്കാരം ബുധനാഴ്ച രാവിലെ െവസ്റ്റ്ഹിൽ ശ്മശാനത്തിൽ. ആറു വർഷമായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പ്രതാപ് മൂന്നാഴ്ച മുൻപ് മാത്രമാണ് നാട്ടിലെത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa