സ്‌പെഷ്യൽ ഇഖാമ നിയമം സൗദി മന്ത്രിസഭ അംഗീകരിച്ചു
ജിദ്ദ: വിദേശികൾക്ക് സൗദിയിൽ നിശ്ചിത കാലമോ പരിധിയില്ലാതെയോ വിവിധ ആനുകൂല്യങ്ങളുമായി താമസിക്കാൻ അനുമതി നൽകുന്ന സ്പെഷ്യൽ ഇഖാമ നിയമം സല്മാൻ രാജാവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം അംഗീകരിച്ചു.
ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ നടന്ന മന്ത്രി സഭാ യോഗം സ്പെഷ്യൽ ഇഖാമക്ക് പുറമെ മറ്റു ചില പ്രധാന വിഷയങ്ങളിലും തീരുമാനം കൈക്കൊണ്ടു.
കഴിഞ്ഞയാഴ്ച സൗദി ശൂറ സ്പെഷ്യൽ ഇഖാമ നിയമം അംഗീകരിച്ചിരുന്നു. മന്ത്രി സഭ കൂടി അംഗീകരിച്ചതോടെ സ്പെഷ്യൽ ഇഖാമ നിയമം നടപ്പാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
നിയമങ്ങളും മറ്റും പ്രസിദ്ധികരിക്കപ്പെട്ടെങ്കിലും ഇതിന്റെ നിശ്ചിത ഫീസും ഇഖാമ ലഭിക്കാനുള്ള മിനിമം സാമ്പത്തിക ശേഷിയും അറിയാനുള്ള ആകാംക്ഷയിലാണിപ്പോൾ സൗദിയിലെ നിരവധി പ്രവാസികൾ. സൗദി ശൂറാ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകരിച്ച പ്രിവിലേജ് ഇഖാമ ലഭിക്കുന്നതിനു ആറ് നിബന്ധനകൾ ഉണ്ട്.
ആദ്യമായി അപേക്ഷകന് വാലിഡ് ആയ പാസ്പോർട്ട് ഉണ്ടായിരിക്കണം എന്ന് നിബന്ധനയാണ്. അതോടൊപ്പം അപേക്ഷകന് 21 വയസ്സ് പൂർത്തിയായിരിക്കണം എന്നതും മറ്റൊരു നിബന്ധനയാണ്.
പ്രിവിലേജ് ഇഖാമക്ക് അപേക്ഷിക്കുന്നയാൾ സൗദിക്കകത്താണെങ്കിൽ അയാൾക്ക് വാലിഡിറ്റി ഉള്ള ഇഖാമ ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. അതോടൊപ്പം മുമ്പ് ഏതെങ്കിലും ക്രിമിനൽ റെക്കോർഡുകൾ അപേക്ഷകന്റെ പേരിൽ ഉണ്ടായിരിക്കാൻ പാടില്ല എന്നതും പ്രധാനപ്പെട്ട നിബന്ധനയാണ്.
അപേക്ഷകന് ഏതെങ്കിലും തരത്തിലുള്ള സാംക്രമിക രോഗങ്ങൾ ഇല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം. അതോടൊപ്പം അപേക്ഷകൻ സാമ്പത്തികമായി ശേഷിയുള്ളയാളാണെന്ന് അധികൃതരെ ബോധ്യപ്പെടുത്താനും സാധിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa