Tuesday, September 24, 2024
Saudi ArabiaTop Stories

പ്രവാസിയുടെ മാതൃ സ്നേഹത്തിനു സമ്മാനമായി സൗദി ജവാസാത്ത് പിഴ ഒഴിവാക്കി

ദമാം: വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞിട്ടും തൻ്റെ വൃദ്ധയും രോഗിയുമായ മാതാവിനെ പരിചരിക്കാനായി സൗദിയിൽ തന്നെ നിർത്തിയതിനു ദമാമിൽ ജോലി ചെയ്യുന്ന കോഴിക്കോട് വെങ്ങേരി കളത്തിൽ വീട്ടിൽ സന്തോഷ് അടക്കേണ്ടിയിരുന്ന 15,000 റിയാൽ പിഴ സൗദി ജവാസാത്ത് അധികൃതർ ഒഴിവാക്കിക്കൊടുത്തു.

മൂന്ന് വർഷം മുംബ് വിസിറ്റിംഗ് വിസയിലെത്തിയ സന്തോഷിൻ്റെ അമ്മക്ക് അൾഷിമേഴ്സ് രോഗം ബാധിച്ചതിനാൽ വിസാ കാലാവധിക്കുള്ളിൽ തിരികെ പോകാനായില്ല. നാട്ടിൽ പരിചരിക്കാൻ ആരുമില്ലാതിരുന്ന അമ്മയെ വിസ കാലാവധി കഴിഞ്ഞും സന്തോഷ് തൻ്റെ കൂടെ നിർത്തുകയായിരുന്നു
ഇപ്പോൾ സന്തോഷ് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ എക്സിറ്റ് അനുവദിക്കണമെങ്കിൽ വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞും മാതാവിനെ കൂടെ താമസിപ്പിച്ചതിനു 15,000 റിയാൽ പിഴ അടക്കണമെന്ന് ജവാസാത്ത് അറിയിക്കുകയായിരുന്നു.

സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിൻ്റെ സഹായത്തോടെ അമ്മയെ നിർത്താനുള്ള സാഹചര്യം ജവാസാത്ത് അധികൃതരെ ബോധ്യപ്പെടുത്താൻ സന്തോഷിനു സാധിക്കുകയും അദ്ദേഹത്തിൻ്റെ മാതൃസ്നേഹം തിരിച്ചറിഞ്ഞ ജവാസാത്ത് അധികൃതർ പിഴ സംഖ്യ ഒഴിവാക്കിക്കൊടുത്ത് എക്സിറ്റ് നൽകുകയുമായിരുന്നു.

മാതൃസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണു സന്തോഷിൻ്റെ ഗൾഫ് ജീവിതം . പത്ത് വർഷം മുംബ് അച്ചൻ മരിച്ചതോടെ സന്തോഷ് ഗൾഫിലായതിനാൽ വീട്ടിൽ അമ്മ മാത്രമായി. അന്ന് മുതൽ അമ്മയെ വിസിറ്റിംഗ് വിസയിൽ കൊണ്ട് വരാൻ തുടങ്ങിയിട്ടുണ്ട് സന്തോഷ്. വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ തിരികെ എത്തുംബൊൾ വീണ്ടും വിസിറ്റിംഗ് വിസക്ക് കൊണ്ട് വരും.

അക്കാലത്ത് സന്തോഷ് വിവാഹിതനല്ലായിരുന്നു. ദമാമിലെ റൂമിൽ വീൽ ചെയറിലായിരുന്ന അമ്മക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്ത ശേഷമായിരുന്നു സന്തോഷ് ജോലിക്ക് പോയിരുന്നത്. ജോലിക്കിടയിൽ കിട്ടുന്ന ഒരു മണിക്കൂർ ഇടവേളയിൽ റൂമിൽ വന്ന് അമ്മക്ക് ഭക്ഷണവും മരുന്നുകളും നൽകുകയും ചെയ്യും. ഈ രീതിയിൽ കഴിഞ്ഞ 10 വർഷമായി സന്തോഷ് അമ്മയെ പൊന്ന് പോലെ നോക്കുകയാണു.

ഏഴ് വർഷം മുംബാണു സന്തോഷ് കണ്ണൂർ സ്വദേശിനിയായ ശ്രീജയെ വിവാഹം കഴിക്കുന്നത്. തൻ്റെ അമ്മയെ നല്ല രീതിയിൽ പരിചരിക്കണമെന്നത് മാത്രമായിരുന്നു സന്തോഷിനു ആകെയുണ്ടായിരുന്ന നിബന്ധന. അത് തൻ്റെ ഭാര്യ നന്നായി നിർവ്വഹിക്കുന്നുണ്ടെന്ന് സന്തോഷ് പറയുന്നു.

സന്തോഷിൻ്റെ അമ്മ ചന്ദ്രവല്ലിക്ക് ഇപ്പോൾ 82 വയസ്സാണുള്ളത്. മൂന്ന് വർഷം മുംബ് വിസിറ്റിംഗ് വിസയിൽ വന്നപ്പോഴാണു അൾഷിമേഴ്സ് രോഗം ചന്ദ്രവല്ലിയെ പിടികൂടിയത്. രോഗ സാഹചര്യത്തിൽ വീണ്ടും വിസിറ്റിംഗിൽ കൊണ്ട് വരുന്നതിനായി നാട്ടിലേക്ക് തിരികെ അയക്കാൻ പറ്റുമായിരുന്നില്ല. അതിനാൽ വിസ കാലാവധി കഴിഞ്ഞും തൻ്റെ കൂടെ അമ്മയെ നിർത്തി പരിചരിക്കുകയായിരുന്നു സന്തോഷ് ചെയ്തത്.

മരണം വരെ അമ്മയെ പൊന്നു പോലെ നോക്കണം എന്ന ഒറ്റ ലക്ഷ്യമേ സൗദിയിൽ നിന്ന് പോകുംബോഴും സന്തോഷിനുള്ളൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്