Sunday, September 22, 2024
Jeddah

കരിപ്പൂരിനെ തകർക്കാനുള്ള ഗൂഢശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുക – ജിദ്ധാ മലപ്പുറം ജില്ല കെ.എം.സി.സി

ഏതുവിധേനയും കരിപ്പൂർ എയർപ്പോർട്ടിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുബുദ്ധികളെ ചെറുത്ത് തോൽപ്പിക്കണമെന്ന് ജിദ്ധാ മലപ്പുറം ജില്ല കെ.എം.സി.സി പ്രവർത്തക സമിതി യോഗം ആഹ്വാനം ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തിന് കേരള സർക്കാർ നല്‍കിവരുന്ന ഇന്ധന നികുതി ഇളവ് കോഴിക്കോട് എയര്‍പോര്‍ട്ടിനു കൂടി നല്‍കണമെന്നും കരിപ്പൂരിൽ നിന്നും വിവിധ പട്ടണങ്ങളിലേക്ക് ലോ-ഫ്‌ളോർ ബസ് സർവീസ് ആരംഭിക്കണമെന്നും എയർ ഇന്ത്യ ഉൾപ്പെടെ മറ്റു വിമാന കമ്പനികൾക്ക് കൂടി സഊദിയിലേക്ക് നേരിട്ട് സർവീസ് നടത്തുന്നതിന് വേണ്ട തടസ്സങ്ങൾ നീക്കുന്നതിന് വേണ്ട നടപടികൾക്ക് ബന്ധപ്പെട്ടവർ മുൻകൈയെടുക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു.

വിരഹമായ പ്രവാസ ജീവിതത്തിന് പുത്തനുണർവേകാൻ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളേയും ഉൾപെടുത്തി വിപുലമായ രീതിയിൽ മെഗാ കായികമേള “കായികോൽസവ് 2019” നടത്താൻ തീരുമാനിച്ചു. ഫെബ്രുവരി 8 വെള്ളിയാഴ്ച ഉച്ചക്ക് 2:30 മുതൽ രാത്രി 11:30 വരെ ശറഫിയ ഖാലിദ് ഇബ്നു വലീദ് ഗ്രൗണ്ടില്‍ (എസ്.ടി.സി ഓഫീസിന് സമീപം) വെച്ച് നടത്തപ്പെടുന്ന മേളയില്‍ വിവിധ തരത്തിലുള്ള വ്യക്തിഗത – മണ്ഡലം തല ടീം ഇന മത്സരങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടും കേന്ദ്ര സഹമന്ത്രിയുമായിരുന്ന ഇ. അഹമദ് സാഹിബിന്‍റെ ചരമ ദിനമായ ഫെബ്രുവരി ഒന്നിന് “നയതന്ത്ര ഇതിഹാസം; ഇ. അഹമ്മദ്” എന്ന ശീര്‍ഷകത്തില്‍ ബോംബെ ഡിലൈറ്റ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7.30 നു ദേശീയ-അന്തര്‍ ദേശീയ മാധ്യമ സാംസ്കാരിക പ്രമുഖരെ ഉൾപ്പെടുത്തി സെമിനാര്‍ സംഘടിപ്പിക്കന്നതിനും പ്രസിഡണ്ട്‌ പി.എം.എ ഗഫൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

ജില്ല കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിനായി വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരായി ജലാല്‍ തേഞ്ഞിപ്പാലം, ജലീല്‍ ഹരാസാത്ത് (വെല്‍ഫെയര്‍) അഷറഫ് വി വി., അബു കട്ടുപാറ (സ്പോര്‍ട്സ് വിംഗ്) സീതി കൊളക്കാടന്‍, ശിഹാബ് കണ്ണമംഗലം (ആര്‍ട്സ് വിംഗ്) ഹസ്സന്‍ ബാബു നഹ്ദി, ഹാരിസ് ബാബു മമ്പാട് (മെഡിക്കല്‍ സപ്പോര്‍ട്ട്), സാബില്‍ മമ്പാട്, റഫീക്ക് കൂളത്ത് (ഫാമിലി വിംഗ്) മജീദ്‌ അരിമ്പ്ര, ഗഫൂര്‍ ചെലേമ്പ്ര (ഹജ്ജ് സെല്‍) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ മണ്ഡലങ്ങളില്‍ നിന്നുമുള്ള ഭാരവാഹികളും ജില്ല-സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്ത യോഗം സെന്‍ട്രല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ സി. കെ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ സ്വാഗതവും ജലാൽ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു. കെ. ടി ഹംസ ഖിറാഅത്ത് നടത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q