ന്യൂസിലാൻഡ് പള്ളികളിലെ ഭീകരാക്രമണം; പരിക്കേറ്റ സൗദി പൗരൻ മരിച്ചു.
ന്യൂസിലാൻ്റിലെ പള്ളികളിൽ നടന്ന ഭീകരരുടെ വെടി വെപ്പിനിടെ പരിക്കേറ്റ സൗദി പൗരൻ മരിച്ചു. മുഹ്സിൻ അൽ മസീനി അൽ ഹർബി എന്ന സൗദി പൗരനാണു ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
അഞ്ച് വെടിയുണ്ടകളായിരുന്നു അദ്ദേഹത്തിൻ്റെ ശരീരത്തിൽ തുളച്ച് കയറിയിരുന്നത്. എഴുപത് വയസ്സുള്ള സൗദി ബിസിനസുകാരനായിരുന്നു മുഹസിൻ അൽ മസീനി. കഴിഞ്ഞ 25 വർഷമായി ന്യൂസിലാൻ്റിലാണു അദ്ദേഹം താമസിക്കുന്നത്.
മുഹ്സിൻ അൽ മസീനി അപകട സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് നീക്കുന്നതിനിടെ തൻ്റെ വിരൽ ആകാശത്തേക്ക് ഉയർത്തിപ്പിടിക്കുന്ന ചിത്രം മീഡിയകളിൽ വലിയ പ്രാധാന്യത്തോടെ ഷെയർ ചെയ്യപ്പെട്ടിരുന്നു.
മുഹ്സിൻ അൽ മസീനി മരിക്കുന്നതിനു മുംബ് തന്നെ അദ്ദേഹത്തിൻ്റെ സൗദിയിലെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ സന്ദർശിക്കാനായി ന്യൂസിലാൻ്റിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണു മരണ വാർത്ത വന്നത്.
ന്യൂസിലാൻ്റിലെ രണ്ട് മുസ് ലിം പള്ളികളിൽ ഭീകരർ നടത്തിയ വെടി വെപ്പിൽ 49 പേർ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. 50 ഓളം പേർക്ക് പരിക്കേറ്റു. 20 പേരുടെ പരിക്ക് ഗുരുതരമാണു. മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന.
ന്യൂസിലാൻ്റിലെ ക്രിസ്റ്റ് ചർച്ച് നഗരത്തിലെ പള്ളികളിലാണു അക്രമണങ്ങൾ നടന്നത്. കൊലപാതകികൾ അക്രമണം നടത്തുന്നത് സോഷ്യൽ മീഡിയ വഴി ലൈവ് ആയി കാണിക്കുകയും ചെയ്തിരുന്നു.
അക്രമണവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിലായിട്ടുണ്ട്. പ്രതികളിലൊരാളെ നാളെ ഒരു കൊലപാതകക്കേസിൽ കോടതിയിൽ ഹാജരാക്കാനുള്ളതാണ്.
ആക്രമണത്തെ ഇന്ത്യയും സൗദിയും ന്യുസിലാന്റും ആസ്‌ത്രേലിയയും അടക്കമുള്ള ലോക രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
പ്രതികളുടെ വർണ്ണ വെറിയും ഇസ്‌ലാം വിരുദ്ധതയുമാണ് ആക്രമണത്തിന് പിറകിലെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. പ്രതികളിലെ ആസ്‌ത്രേലിയൻ വംശജൻ കടുത്ത മുസ്‌ലിം വിരുദ്ധനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ചവരിൽ അധികവും കുടിയേറ്റക്കാരും അഭയാർത്ഥികളുമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa