പുതു വർഷത്തിൽ പുതു പ്രതീക്ഷകളുമായി പ്രവാസ ലോകം
വെബ്ഡെസ്ക്: ഓരോ പുതുവർഷവും പുതിയ പ്രതീക്ഷകളും ലക്ഷ്യങ്ങളുമാണു മനുഷ്യരെ മുന്നോട്ട് നയിക്കുന്നത്. സ്വന്തം വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി സ്വയം സമർപ്പിച്ച പ്രവാസി സമൂഹത്തെയും നയിക്കുന്നത് പുതിയ പ്രതീക്ഷകളും ലക്ഷ്യങ്ങളുമൊക്കെയാണു.
ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിനു നിരവധി പരീക്ഷണങ്ങളുടെ കാലമായിരുന്നു അടുത്തിടെയായി കഴിഞ്ഞ് പോയത് എന്നത് വസ്തുതയാണു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വദേശിവത്ക്കരണമടക്കമുള്ള വിവിധ കാരണങ്ങൾ കൊണ്ട് ജോലി നഷ്ടപ്പെട്ടവർ നിരവധിയുണ്ട്.
സൗദി അറേബ്യയിൽ നിന്ന് മാത്രം സ്വദേശിവത്ക്കരണവു ലെവിയും നിരവധി പേർക്ക് ജോലി നഷ്ടപ്പെടാൻ ഇടയായിട്ടുണ്ട്. എങ്കിലും വർത്തമാന സാഹചര്യത്തിൽ ഇപ്പോഴും ഗൾഫ് രാജ്യങ്ങൾ തന്നെയാണു മലയാളികളടക്കമുള്ള ലക്ഷക്കണക്കിനു പ്രവാസികൾക്ക് അഭയ കേന്ദ്രം എന്ന് പറയാം.
നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടും കഴിഞ്ഞ വർഷം മാത്രം 13 ലക്ഷം വിസകൾ ഇഷ്യു ചെയ്തുവെന്ന സൗദി തൊഴിൽ മന്ത്രിയുടെ പ്രസ്താവന പ്രവാസ ലോകത്തിനു ആശ്വാസം നൽകുന്നുണ്ട്.
സൗദിയും യു എ ഇയും വിദേശികൾക്ക് സ്ഥിര താമസത്തിനുള്ള പ്രത്യേക അനുമതി നൽകി തങ്ങളുടെ നാടിന്റെ അവസരങ്ങളെ ഉപയോഗിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചത് കഴിഞ്ഞ വർഷത്തെ പ്രത്യേകതയാണു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും നിക്ഷേപ സാധ്യതകൾ ആരായുന്നവർക്കുമെല്ലാം പ്രത്യേക താമസാനുമതിക്ക് അപേക്ഷിക്കാൻ സാധിക്കും.
സൗദിയിലേക്ക് വിസിറ്റ് വിസ നടപടിക്രമങ്ങൾ എളുപ്പമാക്കിയതും യു എ ഇ സൗദി സംയുക്ത ടൂറിസ്റ്റ് വിസിറ്റ് വിസ പ്രഖ്യാപനവുമെല്ലാം കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ നടപടികളായിരുന്നു.
സൗദി അറേബ്യയുടെ പുതിയ മുഖം കഴിഞ്ഞ വർഷത്തെ ആഗോള സംഭവവികാസങ്ങളിൽ പ്രത്യേകം ശ്രദ്ധയാകർഷിച്ചതായിരുന്നു. അന്താരാഷ്ട്ര ടൂറിസ്റ്റുകളെയും ആഭ്യന്തര സന്ദർശകരെയും ആകർഷിക്കാൻ റിയാദ് സീസൺ ഫെസ്റ്റ് മൂലം സാധിച്ചുവെന്നത് ശ്രദ്ധേയമാണു.
റിയാദ് സീസൺ ഫെസ്റ്റിനു സമാനമായി ജിദ്ദയിലും ഈസ്റ്റേൺ പ്രൊവിൻസിലും ഫെസ്റ്റുകൾ നടത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചതോടെ രാജ്യം ടൂറിസം മേഖലയിൽ വലിയ മുന്നേറ്റത്തിനു സാക്ഷ്യം വഹിക്കാൻ പോകുകയാണു.
എന്തൊക്കെ നിയമങ്ങൾ വന്നാലും ഏതെങ്കിലും രീതിയിൽ പ്രവാസ ലോകത്ത് അവസരങ്ങൾ തുറന്ന് കിട്ടുമെന്ന പ്രതീക്ഷയിലും ഇന്ത്യൻ ഭരണകൂടത്തിന്റെ വിവേചനപരമായ നീക്കങ്ങളിൽ പ്രവാസ ലോകവും ആശങ്കപ്പെടുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa