Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ ഗതാഗത നിയമ ലംഘനത്തിനു പോയിൻ്റ് സിസ്റ്റം വരുന്നു

രാജ്യത്തെ ഗതാഗത നിയമ ലംഘനങ്ങൾക്ക് തടയിടാനായി സൗദി അധികൃതർ നിയമ ലംഘനങ്ങൾക്ക് പോയിന്റ് സംവിധാനം നടപ്പിലാക്കുന്നു. ആറു മാസങ്ങൾ കൊണ്ട് പുതിയ നിയമം പ്രാവർത്തികമായേക്കുമെന്നാണു ഔദ്യോഗിക പത്രമായ ഉമ്മുൽ ഖുറയിൽ അറിയിച്ചിട്ടുള്ളത്.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, ഒരു ഡ്രൈവർക്ക് മൂന്ന് വർഷത്തിനുള്ളിൽ 90 പോയിൻ്റ് ലഭിച്ചാൽ അയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. നിയമ ലംഘനങ്ങളുടെ ഗൗരവത്തിനനുസരിച്ചായിരിക്കും പോയിൻ്റുകൾ നിശ്ചയപ്പെടുത്തുന്നത്. പോയിൻ്റുകൾ ഡ്രൈവറുടെ പേരിൽ റെക്കോർഡ് ചെയ്യപ്പെടും.

പൊതു സുരക്ഷക്ക് ഹാനികരമാകുന്ന തരത്തിലുള്ള നിയമ ലംഘനങ്ങൾ ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണ ആവർത്തിച്ചാൽ പരമാവധി പോയിൻ്റ് നൽകും. അതേ വർഷത്തിനുള്ളിൽ അതേ നിയമ ലംഘനം ആവർത്തിച്ചാൽ തടവും പിഴയുമെല്ലാം അനുഭവിക്കേണ്ടി വരികയും ചെയ്യും. റോഡ് സിഗ്നൽ അവഗണിക്കുക, അമിത വേഗത, മദ്യപിച്ചുള്ള ഡ്രൈവിംഗ്, അപകടകരമായ രീതിയിലുള്ള ഓവർ ടേക്കിംഗ്, എതിർ ദിശയിലേക്ക് വാഹനമോടിക്കൽ തുടങ്ങിയവയെല്ലാം പൊതു സുരക്ഷക്ക് ഹാനികരമാകുന്ന ഡ്രൈവിംഗിൽ ഉൾപ്പെടും.

ചുരുക്കത്തിൽ സൗദിയിൽ വാഹനങ്ങളോടിക്കുന്നവർ നിയമങ്ങൾ പാലിച്ച് കൊണ്ട് തന്നെ വാഹനമോടിക്കുകയും ലൈസൻസ് റദ്ദാക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്