Tuesday, September 24, 2024
GCCKeralaTop Stories

ഗൾഫിലെ കോവിഡ് മരണങ്ങൾ; നെഞ്ചുരുകുന്നത് ഇങ്ങ് കേരളത്തിൽ.

ഗൾഫിൽ മലയാളികൾ മരിച്ചുവീഴുമ്പോൾ നെഞ്ചുരുകുന്നത് ഇങ്ങിവിടെ കേരളത്തിലാണ്. തകർന്ന് പോയ ഒരുപാട് സ്വപ്നങ്ങളുടെ നിലവിളികളുണ്ട് ഓരോ മടക്കമില്ലാത്ത യാത്രകളുടെ കഥ പറയുന്ന മരണങ്ങളിലും.

ലോകത്തിന്റെ ഏത് കോണിലും മലയാളിയുടെ സ്പന്ദനമുണ്ട്. മലയാളികളായ ബഹുഭൂരിപക്ഷം പ്രവാസികളും പ്രവാസം തിരഞ്ഞെടുത്തത് ഗൾഫ് ലോകത്താണ്. അതുകൊണ്ട് തന്നെ ഗൾഫ് പ്രതിസന്ധികൾ അതേപോലെ നമ്മുടെ നാട്ടിലും പ്രതിഫലിക്കും.

കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവനും മരണം വിതയ്ക്കുമ്പോൾ നമ്മുടെ കൊച്ചു കേരളത്തേക്കാൾ നമ്മെ ഭയപ്പെടുത്തിയത് വിദേശത്ത് നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന പ്രവാസി സഹോദരങ്ങളെ ഓർത്താണ്.

സൗദിയും യുഎഇയും ഒമാനുമാണ് മലയാളികളുടെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ. മലപ്പുറം സ്വദേശി സഫ്‌വാന്റെ നെഞ്ചുപൊള്ളുന്ന മരണ വാർത്ത മലയാളികളെ മുഴുവൻ കരയിക്കുന്നതായിരുന്നു. കണ്ണൂർ സ്വദേശി ഷബ്നാസും സൗദിയിലായിരുന്നു മരണപ്പെട്ടത്. സഫ്‌വാൻ റിയാദിലും ഷബ്നാസ് മദീനയിൽ വെച്ചുമായിരുന്നു കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്.

ദുബായിൽ വെച്ചാണ് ഏറ്റവും കൂടുതൽ മലയാളികൾ മരണപ്പെട്ടത്. തലശ്ശേരി ടെമ്പിൾറോഡിൽ പ്രദീപ് സാഗർ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. 41 വയസായിരുന്ന ഇദ്ദേഹം ഒമ്പത് വർഷമായി ദുബായിൽ ടാക്സി ഡ്രൈവറാണ്. പനിയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു.

മറ്റൊരാൾ ചങ്ങനാശ്ശേരി സ്വദേശി ഷാജി സക്കറിയ ആയിരുന്നു. അദ്ദേഹം പാന്‍ക്രിയാസ് രോഗം കാരണം ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ മരണാനന്തരം നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്.

തിരുവനന്തപുരം സ്വദേശി ദിലീപ് കുമാറും തിരൂർ സ്വദേശി കുഞ്ഞിമോനും കോവിഡ് ബാധയെ തുടർന്ന് മരണത്തിനു കീഴടങ്ങി. തിരൂര്‍ പുറത്തൂര്‍ കുഞ്ഞിമോന്‍ അബൂദബിയിലാണ് മരണപ്പെട്ടത്. ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്ന ഇദ്ദേഹം മുപ്പത് വർഷമായി പ്രവാസിയായിരുന്നു. ദിലീപ് കുമാറിനെ രോഗ ലക്ഷണങ്ങളെ തുടർന്നാണ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്, എന്നാൽ ന്യൂമോണിയ കൂടുകയായിരുന്നു.

ഏറെ ദുഃഖകരമായിരുന്നു കൊല്ലം പ്രാക്കുളം മായാവിലാസിൽ അശോകന്റെ മരണം. കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഇദ്ദേഹം, കോവിഡ് പകരുമോ എന്ന ആശങ്കകളും മാനസിക സമ്മർദ്ധങ്ങളെയും തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക വിവരം. എന്നാൽ പോലീസ് ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. പിന്നീട് പരിശോധനയിൽ ഇദ്ദേഹത്തിനു കോവിഡ് ബാധിച്ചിരുന്നില്ല എന്ന് തെളിഞ്ഞു.

ഒമാനിൽ കോവിഡ് ബാധിച്ച് ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ ഡോൿടർ രാജേന്ദ്രൻ നായരാണ് മരിച്ചത്. ഇദ്ദേഹത്തിന് എഴുപത്തിയാറ് വയസ്സായിരുന്നു. കഴിഞ്ഞ മുപ്പത് വർഷമായി ഇദ്ദേഹം മസ്കത്തിൽ ക്ലിനിക് നടത്തി വരികയായിരുന്നു.

നിരന്തരമായ ഒറ്റപ്പെടലുകളും അതിനെതുടർന്നുണ്ടാകുന്ന മാനസിക സമ്മർദ്ധങ്ങളും ഗൾഫിലെയും നാട്ടിലെയും അനിശ്ചിതാവസ്ഥയുമെല്ലാം പ്രവാസികളെ വല്ലാതെ അലട്ടുന്നുണ്ട്.

എന്നാൽ പ്രവാസികൾക്ക് ഏറെ സഹായകമാകുന്ന തീരുമാനങ്ങളും സൗകര്യങ്ങളുമാണ് ഓരോ ഗൾഫ് രാജ്യങ്ങളും കൈകൊണ്ടിട്ടുള്ളത്. ജോലിയില്ലെങ്കിലും കഴിയുന്നതും ശമ്പളം മുടക്കരുതെന്ന് തന്നെയാണ് മിക്ക രാജ്യങ്ങളും സ്വകാര്യ മേഖലക്ക് നൽകുന്ന നിർദ്ദേശം. ഭരണകൂടങ്ങൾ അതിനായി കമ്പനികൾക്ക് നിരവധി സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നു മാത്രമല്ല, ഇഖാമയോ റസിഡൻസി കാർഡോ ഇല്ലാത്തവർക്കും സൗജന്യ ചികിത്സയും ഭക്ഷണ സാധനങ്ങൾ അടക്കമുള്ളവയുമായും സർക്കാരുകൾ കൂടെയുണ്ട്. ലേബർ തൊഴിലാളികൾക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കുന്നത് അടക്കമുള്ള വിപുലമായ സംവിധാനങ്ങൾ അവർ ചെയ്യുന്നു. നാട്ടിലേക്ക് പോകാനുള്ള സൗകര്യങ്ങളും ചില രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈറ്റും ബഹറൈനും പൊതുമാപ്പും പ്രഖ്യാപിച്ചു.

മാനസിക പിരിമുറുക്കമുള്ളവർക്ക് ചില മലയാളി സംഘടനകൾ വഴി ഡോക്ടർമാരുടെ കൗൺസിലിംഗും ആരംഭിച്ചിട്ടുണ്ട്. ഭക്ഷണവും ചികിത്സയും എത്തിക്കാൻ നിരവധി സംഘടനകളാണ് സർക്കാരുകൾക്കൊപ്പം കൈകോർത്തിരിക്കുന്നത്.

എന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഇതുവരെ കേന്ദ്ര സർക്കാർ അറിയിച്ചിട്ടില്ല. കേരള സർക്കാർ എല്ലാം നേരിടാൻ തയ്യാറായിക്കഴിഞ്ഞെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനമൊന്നും ഇതുവരെ കിട്ടിയിട്ടില്ല.

സൗദിയിലും കുവൈറ്റിലും ഒമാനിലും ഖത്തറിലുമെല്ലാം ഇന്ത്യൻ പ്രവാസികൾ ക്രമാതീതമായി രോഗബാധിതരാകുന്നത് ആശങ്കയോടെയാണ് നിങ്ങളെ സ്നേഹിക്കുന്ന കേരളം വീക്ഷിക്കുന്നത്. സാമൂഹിക അകലം പാലിച്ചും വേണ്ട സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചും നമ്മൾ അതിജീവിച്ചേ പറ്റൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q