Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെ പ്രവാസികൾക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുള്ള ഫ്ളെക്സിബിൾ വർക്ക് സംവിധാനത്തിൻ്റെ പോർട്ടൽ നിലവിൽ വന്നു

ജിദ്ദ: സൗദിയിലെ പ്രവാസികൾക്ക് വലിയ രീതിയിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുള്ള ഫ്ളെക്സിബിൾ വർക്ക് സംവിധാനവുമായി ബന്ധപ്പെട്ട പോർട്ടൽ സൗദി മാനവ വിഭവശേഷി വകുപ്പ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി ഉദ്ഘാടനം ചെയ്തു. https://mrn.sa/ എന്ന പോർട്ടൽ തൊഴിലുടമകൾക്കും സൗദികളായ ജീവനക്കാർക്കും കരാറുകളും രേഖകളുമെല്ലാം സൂക്ഷിക്കുന്നതിനും മറ്റും ഒരു പോലെ പ്രയോജനപ്പെടും വിധമാണു സംവിധാനിച്ചിട്ടുള്ളത്.

ഫ്ളെക്സിബിൾ വർക്ക് സംവിധാനം വഴി സൗദിയിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ പിന്തുണക്കാൻ സാധ്യമാകും എന്ന് മന്ത്രി ഓർമ്മപ്പെടുത്തി.അതോടൊപ്പം സ്വകാര്യ മേഖലക്ക് സൗദിവത്ക്കരണത്തിനു ആവശ്യമായ പിന്തുണ നൽകുന്നതിനും സൗദികൾക്ക് ലേബർ മാർക്കറ്റിൽ വ്യക്തമായ സാന്നിദ്ധ്യം ഉറപ്പാക്കാനും ഫ്ളെക്സിബിൾ വർക്ക് സംവിധാനം വഴി സാധിക്കും.

പുതിയ രീതികളിലുള്ള തൊഴിൽ വ്യവസ്ഥ ഒരുക്കുന്നതിനും ഫ്ളെക്സിബിൾ വർക്ക് സംവിധാനം ലക്ഷ്യമിടുന്നുണ്ട്. എമർജൻസി ജീവനക്കാരെയും, താത്ക്കാലിക ജീവനക്കാരെയും സീസണൽ ജീവനക്കാരെയും ഇത് വഴി നിയമിക്കാൻ കഴിയും. സൗദി തൊഴിൽ നിയമത്തിൻ്റെ പരിധിയിൽ പെടുന്ന എല്ലാ പ്രായക്കാർക്കും സ്ത്രീ പുരുഷ ഭേദമന്യേ ഫ്ളെക്സിബിൾ വർക്ക് സിസ്റ്റത്തിൽ ജോലി ചെയ്യാൻ കഴിയും.

ഒന്നോ അതിലധികമോ തൊഴിലുടമകൾക്കായി ഒരു പാർട്ട് ടൈം ജീവനക്കാരൻ ജോലി ചെയ്യുന്നതിനെയണു ഫ്ളെക്സിബിൾ വർക്ക് സിസ്റ്റം കൊണ്ടുദ്ദേശിക്കുന്നത്. നിലവിൽ സൗദികൾക്ക് മാത്രമാണു ഇതിനവസരമുള്ളത്.

ഈ സംവിധാനം വഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാം. വേതനം മണിക്കൂർ അടിസ്ഥാനത്തിൽ ആയിരിക്കും അതേ സമയം ലീവ് സാലറിയോ സർവീസ് ബെനെഫിറ്റോ നൽകേണ്ടതില്ല. ഇങ്ങനെ ജോലി ചെയ്യുന്ന സൗദിയെ നിതാഖാത്തിൽ പകുതി സ്വദേശിയായി പരിഗണിക്കുകയും ചെയ്യും. സാധാരണ ജോലി സമയത്തിൻ്റെ പകുതിയിൽ താഴെ സമയം മാത്രമെ ഫ്ളെക്സിബിൾ വർക്ക് സിസ്റ്റത്തിൽ ജോലി ചെയ്യിക്കാൻ പാടുള്ളൂ. ഏതായാലും സൗദിവത്ക്കരണം നിർബന്ധമായ നിരവധി സ്ഥാപനങ്ങൾക്ക് സൗദി യുവതീ യുവാക്കളെ കൂടുതൽ ബാധ്യതകൾ ഇല്ലാതെത്തന്നെ ജോലിക്ക് നിയമിക്കാൻ സാധിക്കുമെന്നതിനാൽ ക്രമേണ വിദേശികൾക്ക് തൊഴിൽ മേഖലകളിൽ അവസരം കുറഞ്ഞ് വരുമെന്നാണു വിദഗ്ധരുടെ നിരീക്ഷണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്