ഇരു ഹറമുകളിലെയും ഉന്നത സ്ഥാനങ്ങളിൽ ഇനി സ്ത്രീകളും
മക്ക: മസ്ജിദുൽ ഹറാമിലെയും മസ്ജിദുന്നബവിയിലെയും ഉയർന്ന നേതൃത്വ സ്ഥാനങ്ങളിൽ ഇനി മുതൽ വനിതകളും. ഇരു ഹറമുകളിലേയും അഫയേഴ്സ് ജനറൽ പ്രസിഡൻസി അതോറിറ്റിയിലെ മുതിർന്ന നേതൃസ്ഥാനങ്ങളിലേക്ക് 10 സ്ത്രീകളെയാണ് നിയമിച്ചത്. സ്ത്രീ ശാക്തീകരണത്തിൽ വൻ കുതിപ്പാണ് സൗദി അറേബ്യ ഇതിലൂടെ ലക്ഷ്യമിടുന്നത്.
നേതൃത്വ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നത് വികസനത്തെയും സമ്പദ്‌വ്യവസ്ഥയെയും പ്രതിഫലിപ്പിക്കുന്ന ഒരു പ്രധാന വിഷയമാണെന്ന് നിയമനങ്ങൾ പ്രഖ്യാപിച്ച്കൊണ്ട് അതോറിറ്റി പ്രസിഡൻസി പറഞ്ഞു.
മാർഗ്ഗനിർദ്ദേശങ്ങൾ, എഞ്ചിനീയറിംഗ്, അഡ്മിനിസ്ട്രേറ്റീവ്, സൂപ്പർ വൈസർ തുടങ്ങി ഇരു വിശുദ്ധ ഗേഹങ്ങളുടേയും എല്ലാ സേവനങ്ങളിലും ഇനി ഇവരുടെ മേൽനോട്ടമുണ്ടാകുമെന്ന് തിരുഗേഹങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി കമേലിയ അൽ-ദാദി പറഞ്ഞു.
സ്ത്രീകളെ അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്തുന്നതിനും കൂടൂതൽ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് വിശുദ്ധ കഅബയുടെ കിസ്വ, ഇരു ഹറമുകളുടെയും ലൈബ്രറി, മറ്റു മേഖലകൾ എന്നിവയിലും കിംഗ് അബ്ദുൽ അസീസ് കോംപ്ലക്‌സിന്റെ വകുപ്പുകളിലും തീർത്ഥാടകർക്കുള്ള സേവനങ്ങളിലും ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉയർന്ന സ്ഥാനങ്ങളിൽ സ്ത്രീകളുടെ പങ്ക് പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്ത് വികസനം നയിക്കാൻ അവരെ സഹായിക്കുന്നതും സൗദിയുടെ വിഷൻ 2030 പരിഷ്കരണ പരിപാടിയുടെ ഭാഗമാണെന്ന് കിങ് അബ്ദുൽ അസീസ് കോംപ്ലക്സിന്റെ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുൽ ഹമീദ് അൽ മാലികി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa