കഫാല സംവിധാനം ഒഴിവാക്കൽ; സൗദി മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി
ജിദ്ദ: സൗദിയിൽ സ്പോൺസർഷിപ്പ് (കഫാല) സംവിധാനം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തയെക്കുറിച്ച് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം വിശദീകരണം നൽകി.
തൊഴിൽ വിപണിയുടെ വികസനത്തിനും ക്രമീകരണങ്ങൾ നടത്തുന്നതിനുമായി വിവിധ പദ്ധതികൾ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ടെന്നും അവ തയ്യാറാകുന്ന പക്ഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണു വിശദീകരണത്തിൽ പറയുന്നത്.
അതോടൊപ്പം ഇത്തരം കാര്യങ്ങളെ സംബന്ധിച്ചുള്ള വാർത്തകൾ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ചാനലുകൾ വഴി കരസ്ഥമാക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം ഔദ്യോഗിക വാക്താവ് നാസർ അൽ ഹസാനി ഓർമ്മപ്പെടുത്തി.
കഫാല സംവിധാനം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വാർത്ത മന്ത്രാലയം നിഷേധിച്ചിട്ടില്ല എന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം സൗദിയിലെ പ്രമുഖ ധനകാര്യ ന്യൂസ് പോർട്ടലായ ‘മാൽ’ ആയിരുന്നു കഫാല സംവിധാനം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയത്.
അടുത്ത വർഷം പകുതിയോടെ കഫാല സംവിധാനം ഒഴിവാക്കാനാണു പദ്ധതിയെന്നും അടുത്തയാഴ്ച അത് സംബന്ധിച്ച് പ്രസ്താവന അധികൃതർ പുറത്തിറക്കുമെന്നും ‘മാൽ’ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
70 വർഷക്കാലത്തെ പഴക്കമുള്ള കഫാല സംവിധാനം ഒഴിവായാൽ അത് സൗദി ചരിത്രത്തിലെ തന്നെ വലിയ ഒരു വഴിത്തിരിവായേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa