ഞായറാഴ്‌ച, മെയ്‌ 10, 2026
QatarTop Stories

അബുദാബിയിൽ നിന്ന് വന്ന കപ്പലിന് നേരെ ഖത്തർ തീരത്ത് വെച്ച് ഡ്രോൺ ആക്രമണം

ദോഹ: ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

അബുദാബിയിൽ നിന്ന് ഖത്തറിലെ മിസൈദ് തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.

ഡ്രോൺ പതിച്ചതിനെത്തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും ഇത് ഉടൻ തന്നെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടങ്ങൾ പരിമിതമാണെന്നും അധികൃതർ അറിയിച്ചു. തീ പൂർണ്ണമായും അണച്ചതിനെത്തുടർന്ന് കപ്പൽ മിസൈദ് തുറമുഖത്തേക്കുള്ള യാത്ര തുടർന്നു.

സംഭവത്തെത്തുടർന്ന് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായും ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും ഖത്തർ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa