ലക്ഷം റിയാൽ പിഴയും തടവും; പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച നിരവധി വിദേശികൾ പിടിയിൽ
മക്ക: ഹജ്ജ് സീസണിനോടനുബന്ധിച്ച് സുരക്ഷാ പരിശോധനകൾ കർശനമാക്കി സൗദി അറേബ്യ. പെർമിറ്റില്ലാതെ നിയമം ലംഘിച്ച് വിശുദ്ധ നഗരമായ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച നിരവധി വിദേശികളെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
പ്രധാന പാതകൾ ഒഴിവാക്കി, പർവ്വത നിരകൾക്കിടയിലെയും താഴ്‌വരകളിലെയും ടാർ ചെയ്യാത്ത ദുർഘടമായ വഴികളിലൂടെ മക്കയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
മറ്റൊരു സംഭവത്തിൽ, പെർമിറ്റില്ലാത്ത 13 തീർത്ഥാടകരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച നാല് വിദേശികളെയും മൂന്ന് സൗദി പൗരന്മാരെയും മക്കയുടെ പ്രവേശന കവാടങ്ങളിൽ വെച്ച് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു.
ലക്ഷം റിയാൽ പിഴയും തടവും: അനധികൃതമായി ആളെക്കടത്തുന്ന വാഹന ഉടമകൾക്കും ഇതിൽ പങ്കാളികളാകുന്നവർക്കും 1,00,000 റിയാൽ (ഒരു ലക്ഷം റിയാൽ) വരെ പിഴയും ഒപ്പം തടവുശിക്ഷയും ലഭിക്കും. കൂടാതെ ഇവരുടെ പേരുകൾ സ്വന്തം ചെലവിൽ പ്രാദേശിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തും. കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടാനും നടപടി തുടങ്ങി.
10 വർഷത്തെ വിലക്ക്: നിയമം ലംഘിച്ച് ഹജ്ജ് ചെയ്യാൻ ശ്രമിച്ച യാത്രക്കാർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തും. പിടിയിലായവർ വിദേശികളാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും തുടർന്ന് 10 വർഷത്തേക്ക് സൗദിയിലേക്ക് വരുന്നതിന് വിലക്ക് (Ban) ഏർപ്പെടുത്തുകയും ചെയ്യും.
സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് മുജാഹിദീൻ വ്യക്തമാക്കി. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി 2026-ലെ ഹജ്ജ് സീസണിലെ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
