ഗാസയിലെ നാസർ ആശുപത്രിക്ക് നേരെയുണ്ടായ മാരകമായ ഇസ്രായേലി വ്യോമാക്രമണത്തെ 18 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ അപലപിച്ചു
ഗാസയിലെ നാസർ മെഡിക്കൽ കോംപ്ലക്സിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ സൗദി അറേബ്യ ഉൾപ്പെടെ 18 അറബ്, ഇസ്ലാമിക രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
ഖാൻ യൂനിസിലുള്ള ആശുപത്രിയുടെ ശസ്ത്രക്രിയ വിഭാഗത്തിന് നേരെ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിൽ ഒരു സർജനും കൗമാരക്കാരനായ രോഗിയും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഓപ്പറേഷൻ മുറികൾക്കും രോഗികളുടെ വാർഡുകൾക്കും കനത്ത നാശമുണ്ടായതായി ആശുപത്രി ജീവനക്കാർ അറിയിച്ചു.
ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും അന്താരാഷ്ട്ര മാനുഷിക നിയമം പ്രത്യേക സംരക്ഷണം നൽകുന്നുണ്ടെന്നും ആക്രമണം ആ നിയമത്തിന്റെ ലംഘനമാണെന്നും സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.
ഈജിപ്ത്, ജോർദാൻ, തുർക്കിയെ, ഖത്തർ എന്നിവയും പ്രസ്താവനയിൽ ഒപ്പുവെച്ച രാജ്യങ്ങളിൽ ഉൾപ്പെടുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവർ അഭയം തേടിയ ടെന്റുകൾക്കും മറ്റ് കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും മന്ത്രിമാർ അപലപിച്ചു.
ഗാസയിലെ വെടിനിർത്തൽ മേൽനോട്ടത്തിനായി രൂപീകരിച്ച അന്താരാഷ്ട്ര ബോർഡ് ഓഫ് പീസ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ആശുപത്രിക്കുനേരെയുള്ള ആക്രമണം പദ്ധതിക്ക് വിരുദ്ധമാണെന്നും വെടിനിർത്തലിനെയും ഗാസയിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെയും ദുർബലപ്പെടുത്തുന്നുവെന്നും മന്ത്രിമാർ പറഞ്ഞു.
വെടിനിർത്തൽ പാലിക്കാനും സാധാരണക്കാരെയും ആരോഗ്യകേന്ദ്രങ്ങളെയും സംരക്ഷിക്കാനും ആവശ്യത്തിന് മാനുഷിക സഹായം സുരക്ഷിതമായും തടസ്സമില്ലാതെയും എത്തിക്കാനും അവർ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
സഹായസാധനങ്ങൾ, താൽക്കാലിക അഭയകേന്ദ്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാക്കുന്നതിൽ മന്ത്രിമാർ ആശങ്ക രേഖപ്പെടുത്തി.
സമാധാന പദ്ധതിപ്രകാരമുള്ള ഇസ്രായേലിന്റെ ബാധ്യതകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അമേരിക്കയും ബോർഡ് ഓഫ് പീസും കൂടുതൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
