സൗദിയിൽ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട ഈ 5 നിയമലംഘനങ്ങൾ നടത്തിയാൽ തടവും പിഴയും നാടു കടത്തലും നേരിടേണ്ടി വരും
റിയാദ്: കൊറോണ വൈറസ് പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ സ്വീകരിച്ച മുൻകരുതലുകളും പ്രതിരോധ ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട തീരുമാനങ്ങൾ ഇവയാണ്.

1. വ്യക്തികളോ സ്വകാര്യമേഖല സ്ഥാപനങ്ങളോ അവരുടെ ജീവനക്കാരോ അവ കൈകാര്യം ചെയ്യുന്നവരോ കൊറോണ വൈറസുമായി ബന്ധപ്പെട്ട മുൻകരുതൽ പ്രതിരോധ നടപടികൾ ലംഘിച്ചാൽ 1000 റിയാൽ മുതൽ 1 ലക്ഷം റിയാൽ വരെ പിഴ ചുമത്തും. അല്ലെങ്കിൽ 1 മാസം മുതൽ 6 മാസം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ചിലപ്പോൾ രണ്ട് ശിക്ഷയും കൂടി ഒന്നിച്ച് അനുഭവിക്കേണ്ടി വരികയും ചെയ്യും. ആവശ്യമെങ്കിൽ ആറുമാസത്തിൽ കൂടാത്ത കാലയളവിൽ സ്ഥാപനം അടക്കും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും.

2. കർഫ്യൂ സമയത്ത് സഞ്ചാരത്തിനായി അനുവദിച്ച പെർമിറ്റ് അല്ലെങ്കിൽ അനുമതിക്കത്ത്, ഇത് അനുവദിച്ചതൊഴികെയുള്ള ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നവർക്ക് 10,000 റിയാലിനും 1 ലക്ഷം റിയാലിനും ഇടയിൽ പിഴ ചുമത്തും. അതോടൊപ്പം പെർമിറ്റ് പിൻവലിക്കുകയും അനുമതി കത്ത് റദ്ദാക്കുകയും ചെയ്യും.

3. മെഡിക്കൽ ഐസൊലേഷൻ അല്ലെങ്കിൽ ക്വാറൻ്റൈൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് 2 ലക്ഷം റിയാൽ വരെ പിഴയോ പരമാവധി രണ്ട് വർഷത്തെ തടവോ അല്ലെങ്കിൽ രണ്ട് ശിക്ഷയും ഒന്നിച്ചോ അനുഭവിക്കേണ്ടി വരും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കും.

4. കൊറോണ വൈറസ് അണുബാധ മറ്റുള്ളവർക്ക് മനപൂർവ്വം പകർത്തുന്നവർക്ക് പരമാവധി 5 ലക്ഷം റിയാൽ വരെ പിഴ അല്ലെങ്കിൽ പരമാവധി അഞ്ച് വർഷത്തെ തടവ് അല്ലെങ്കിൽ രണ്ട് ശിക്ഷയും കൂടി ഒന്നിച്ചോ അനുഭവിക്കേണ്ടി വരും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.

5. കർഫ്യൂ പാസ് ലഭിക്കാൻ അർഹതയില്ലാത്ത ജോലികൾക്ക് വേണ്ടി ആർക്കെങ്കിലും പെർമിറ്റ് സംഘടിപ്പിച്ച് കൊടുക്കുന്നവർക്ക് 10,000 റിയാൽ മുതൽ 1 ലക്ഷം റിയാൽ വരെ പിഴയോ ഒരു മാസം മുതൽ 1 വർഷം വരെ തടവോ അല്ലെങ്കിൽ രണ്ട് ശിക്ഷയും കൂടി ഒന്നിച്ചോ അനുഭവിക്കേണ്ടി വരും. കുറ്റം ആവർത്തിച്ചാൽ ശിക്ഷകൾ ഇരട്ടിയാക്കും.

നിയമലംഘനങ്ങൾ നടത്തുന്നത് വിദേശികളാണെങ്കിൽ ശിക്ഷകൾക്ക് ശേഷം നാടുകടത്തുമെന്നും സൗദിയിലേക്ക് വീണ്ടും പ്രവേശിക്കുന്നത് എന്നെന്നേക്കുമായി വിലക്കുമെന്നും മന്ത്രാലയം അറിയിച്ചു.

പിഴ ചുമത്തുന്നതിനോ സ്ഥാപനത്തിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനോ ഉള്ള തീരുമാനങ്ങൾക്കെതിരായ പരാതികൾ പരിശോധിക്കുന്നതിന് മൂന്ന് നിയമ വിദഗ്ധർ ഉൾപ്പെടുന്ന ഒന്നോ അതിലധികമോ കമ്മിറ്റികൾ നീതിന്യായ മന്ത്രി രൂപീകരിക്കും.

ശിക്ഷാ തീരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ച തീയതി മുതൽ 10 ദിവസത്തിനുള്ളിൽ പരാതികൾ ഫയൽ ചെയ്യാം, ഇക്കാര്യത്തിൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും, തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ വ്യവസ്ഥയില്ല. കൊറോണ സാഹചര്യങ്ങൾ അവസാനിച്ചതിന് ശേഷം നിയമലംഘകർക്ക് ജയിൽ ശിക്ഷ നൽകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
