സൗദിയിൽ വെന്റിലേറ്ററിൽ കഴിയുന്ന മലയാളി യുവാവിന്റെ ഭാര്യയും കുഞ്ഞും റൂമിൽ മരിച്ച നിലയിൽ.
റിയാദ്: സൗദിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ ഭാര്യയെയും കുഞ്ഞിനേയും ഇവർ താമസിക്കുന്ന റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജു വിന്റെ ഭാര്യ മണിപ്പൂരി സ്വദേശിനിയെയും ആറ് മാസം പ്രായമായ കുഞ്ഞിനേയുമാണ് ഫ്‌ളാറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നാല് ദിവസങ്ങൾക്ക് മുൻപ് മൂക്കിന് അസുഖം ബാധിച്ചതിനെ തുടർന്ന് ബിജുവിനെ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ബിജുവിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല.
ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടിൽ നിന്ന് സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബിജു മുവാസാത് ആസ്പത്രിയിൽ വെന്റിലേറ്ററിൽ അത്യാസന്ന നിലയിൽ കഴിയുകയാണെന്ന വിവരം ലഭിക്കുന്നത്. ബിജുവിന് കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്ന് സംശയമുണ്ട്
കഴിഞ്ഞ ദിവസം രാവിലെ മുതൽ ബിജുവിന്റെ 70 വയസായ അമ്മ ഫ്ലാറ്റിനു പുറത്ത് നിൽക്കുന്നത് ശ്രദ്ധിച്ച അയൽവാസികൾ കാര്യമന്വേഷിച്ചപ്പോഴാണ് ബിജുവിന്റെ ഭാര്യ അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടിരിക്കുകയാണെന്ന വിവരം വെളിപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് പോലീസെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾ ആംബുലൻസെത്തി ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ജോലി ശരിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് യുവതിയുടെ മരണം.
എട്ടുവർഷത്തോളമായി മദീന എയർപോർട്ടിൽ ബെൽറ്റ് ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്ന ബിജുവിന് അടുത്തിടെ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിരുന്നു. വണ്ടർലാ എന്ന കമ്പനിക്ക് കീഴിലായിരുന്നു ഇദ്ദേഹത്തിനു ജോലി ഉണ്ടായിരുന്നത്.
മരണപ്പെട്ട ഭാര്യയെ കുറിച്ച് സുഹൃത്തുക്കൾക്കും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അത്യാസന്ന നിലയിൽ കഴിയുന്ന ബിജുവിൽ നിന്ന് യുവതിയുടെ വിവരങ്ങൾ ശേഖരിക്കാനും കഴിയാത്ത അവസ്ഥയിലാണ്. ഇതിനിടെ യുവതിയുടേത് ആത്മഹത്യയാണെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.
നടപടികൾക്കായി മദീന നവോദയ പ്രവർത്തകരായ നൗഷാദ് അടൂർ,നിസാർ കരുനാഗപ്പള്ളി, സുജയ് മന്നാർ കെ എം സി സി പ്രവർത്തകൻ ശരീഫ് കാസർഗോഡ് എന്നിവർ രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa