Sunday, November 24, 2024
Saudi ArabiaTop Stories

ബുധനാഴ്ച സൂര്യൻ കഅബക്ക് മുകളിൽ; ലോകത്തെവിടെ നിന്നും ഒരു ഉപകരണവുമില്ലാതെ കൃത്യമായി ഖിബ്‌ല നിർണ്ണയിക്കാം

ജിദ്ദ: ബുധനാഴ്ച സൂര്യൻ വിശുദ്ധ കഅബക്ക് നേർ മുകളിൽ വരുന്ന സമയം ഉള്ളതിനാൽ ആ സമയത്ത് ലോകത്തെവിടെയുമുള്ള വിശ്വാസികൾക്ക് ഒരു ഉപകരണവുമില്ലാതെ തന്നെ കഅബയുടെ ദിശ മനസ്സിലാക്കാൻ സാധിക്കും.

ബുധനാഴ്ച മക്കയിലെ ളുഹർ സമയമായ 12:18 നായിരിക്കും സുര്യൻ കഅബക്ക് നേരെ മുകളിൽ വരികയെന്ന് അറബ് ഫെഡറേഷൻ ഫോർ സ്പേസ് ആൻ്റ് ആസ്റ്റ്രോണമി മെംബർ ഡോ:ഖാലിദ് അസ്സആഖ് വ്യക്തമാക്കി.

മെയ് 27 ബുധനാഴ്ച മക്ക സമയം ഉച്ചക്ക് 12:18 എന്നത് ഇന്ത്യയിൽ ഉച്ച തിരിഞ്ഞ് 2:48 ആയിരിക്കും. ഈ സമയത്ത് ഒരു വളവില്ലാത്ത വടി സൂര്യപ്രകാശം നേരിട്ട് തട്ടുന്ന ഒരു സ്ഥലത്ത് നേരെ കുത്തി നിർത്തുക. തുടർന്ന് അതിൻ്റെ നിഴൽ പതിക്കുന്നത് ശ്രദ്ധിക്കുക. ആ നിഴലിൻ്റെ നേരെ എതിർ ദിശയിലായിരിക്കും കഅബ സ്ഥിതി ചെയ്യുന്നത്.

ഒരു ഉപകരണവുമില്ലാതെ ലോകത്തെവിടെയുമുള്ള വിശ്വാസികൾക്ക് ഈ അവസരം കഅബയുടെ ദിശയെ കൃത്യമായി നിർണ്ണയിക്കാൻ ഉപയോഗപ്പെടുത്താമെന്ന് തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഡോ:ഖാലിദ് പറഞ്ഞു.

ഈ സമയത്ത് കഅബക്കും പരിസരത്തുമുള്ള വസ്തുക്കൾക്കും നിഴൽ ഉണ്ടാകില്ല. നിഴലിനെ ചെരുപ്പാക്കി ധരിക്കുന്ന ദിനം എന്നാണു മക്കയിലെ പഴമക്കാർ ഈ സന്ദർഭത്തെ വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസം ചന്ദ്രൻ സമാനമായ രീതിയിൽ കഅബക്ക് മുകളിൽ വന്നിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്