റിപ്പയറിംഗിനായി കൊണ്ടുവന്ന ബസ്സിടിച്ച് മലയാളി യുവാവ് മരിച്ചു
റിയാദ്: റിപ്പെയറിങ് നടത്തുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സിടിച്ച് സൗദിയിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. കണ്ണൂർ കിളിയന്തറ പെരുങ്കാരി നടുവിൽ പുരയിടത്തിൽ ജോസഫിന്റെയും ലില്ലി തോമസിന്റെയും മകൻ ലിബിൻ തോമസാണ് മരിച്ചത്. 28 വയസായിരുന്നു.
ജിസാൻ-അബൂഅരീഷ് റോഡിലുള്ള സ്‌കൂൾ ബസുകളുടെ വർക്ക് ഷോപ്പിൽ രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് ലിബിൻ തോമസിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൊട്ടടുത്തുള്ള കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് വർഷമായി ജിസാനിൽ ഫഹിൽ ട്രാൻസ്പോർട്ടിംഗ് കമ്പനിയുടെ ജിസാൻ ശാഖയിലെ മെക്കനിക്കായിരുന്നു ലിബിൻ. ബസ് ഓടിച്ചിരുന്ന സുഡാൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യ ജോസിയുമായുള്ള വിവാഹം എട്ട് മാസങ്ങൾക്ക് മുമ്പാണ് നടന്നത്. കിംഗ് ഫഹദ് ആസ്പത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ അയക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
