ക്വാറൻ്റൈനിൻ്റെ സമ്മർദ്ദങ്ങളില്ലാതെ മാലിദ്വീപ് വഴിയും പ്രവാസികൾ സൗദിയിലേക്ക് മടങ്ങിത്തുടങ്ങി
സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് നിലവിലില്ലാത്തതിനാൽ നിലവിൽ ദുബൈ വഴിയും മറ്റും 14 ദിവസം ക്വാറൻ്റൈനിൽ കഴിഞ്ഞ് സൗദിയിലേക്ക് നിരവധി പ്രവാസികളാണു മടങ്ങുന്നത്.
അതേ സമയം ക്വാറൻ്റൈനിൻ്റെ സമ്മർദ്ദങ്ങളില്ലാതെ ആളുകൾ മാലിദ്വീപ് വഴിയും മടങ്ങിത്തുടങ്ങിയിട്ടുണ്ടെന്ന് ട്രാവൽ മേഖലയിലുള്ളവർ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്ക് ടൂറിസ്റ്റ് വിസയിലെത്തി 14 ദിവസം ഉല്ലാസ ജീവിതം നയിച്ചതിനു ശേഷമാണു ഇപ്പോൾ ചില പ്രവാസികൾ സൗദിയിലേക്ക് മടങ്ങൽ ആരംഭിച്ചിട്ടുള്ളത്. കൊച്ചിയിൽ നിന്ന് ഒന്നര മണിക്കൂർ നേരത്തെ വിമാന യാത്രാ ദൈർഘ്യം മാത്രമാണു മാലിദ്വീപിലേക്കുള്ളത്. അതോടൊപ്പം ഓൺ അറൈവൽ വിസയാണെന്നതും നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കും.
ദുബൈയിലേക്ക് പ്രവേശന വിലക്കുള്ളവർക്കും കൊറോണ വ്യാപനം വളരെ കുറഞ്ഞ രാജ്യമായതിനാൽ ഒരു സുരക്ഷിത താവളം എന്ന നിലയിലും മാലിദ്വീപ് മികച്ച ഒരു ഓപ്ഷനാണെന്ന് കോട്ടക്കൽ ഖൈർ ടൂർസ് ആൻ്റ് ട്രാവൽസ് മാനേജർ ബഷീർ ഞങ്ങളോട് പറഞ്ഞു.
മാലിദ്വീപ് എയർപോർട്ടിലിറങ്ങിയ ശേഷം ഐലൻ്റിലേക്കുള്ള ബോട്ട് സവാരിയും ഉല്ലാസ യാത്രകളും താമസ സൗകര്യങ്ങളും കൊറോണ ടെസ്റ്റുകളും മറ്റുമായി നിലവിൽ ഒരു ലക്ഷത്തോളം പാക്കേജിനു ചിലവ് വരുന്നുണ്ടെങ്കിലും വൈകാതെ വിമാന നിരക്ക് കുറയാൻ സാധ്യതയുള്ളതിനാൽ പാക്കേജ് നിരക്ക് കുറക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും ബഷീർ സൂചിപ്പിച്ചു.
ഏതായാലും നിലവിൽ സൗദിയിൽ ബിസിനസുകളുള്ളവർക്കും മറ്റു ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർക്കുമെല്ലാം മാലിദ്വീപ് വഴി വിനോദ സഞ്ചാരം നടത്തിക്കൊണ്ട് സൗദിയിലേക്ക് മടങ്ങൽ പ്രയാസമില്ലെന്നിരിക്കേ ഇതിനകം ഈ അവസരം പല പ്രവാസികളും ഉപയോഗപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് നിരക്കുകൾ കുറയുകയാണെങ്കിൽ സാധാരണക്കാർക്കും ഇത് പ്രയോജനപ്പെടുത്താൻ സാധിച്ചേക്കുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa